വരൾച്ച നേരിടാൻ സമഗ്ര പദ്ധതിയ്ക്ക് തുടക്കമിട്ട് കണ്ണൂർ ജില്ല


കണ്ണൂർ :- വരൾച്ച നേരിടാൻ സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. കണ്ണൂർ ജില്ലയിൽ ഒരുങ്ങുന്ന പദ്ധതിയുടെ പ്രാരംഭമായി വെള്ളിയാഴ്ച്ച ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ചേർത്ത് 'വരൾച്ച: പ്രതിരോധവും മുന്നൊരുക്കവും' എന്ന തലക്കെട്ടിൽ ശിൽപ്പശാല സംഘടിപ്പിച്ചു. 

ഈ ജൂൺ മാസം 39 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. മഴക്കാലം കഴിഞ്ഞാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വരൾച്ചാ ദുരിതം മുൻകൂട്ടി കണ്ടുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിക്കുന്നത്. ജില്ലയുടെ പ്രധാന ക്യാമ്പയിൻ ആയി വരൾച്ച നിവാരണ പദ്ധതി മാറണമെന്ന് ശിൽപ്പശാലയിൽ സംസാരിച്ച ജില്ലാ കളക്ടർ പി വിഷ്ണുരാജ് പറഞ്ഞു. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വരൾച്ചാ ഭീഷണി നേരിടുന്ന ഓരോ സ്ഥലത്തും ആ സ്ഥലത്തിന് അനുസൃതമായ പദ്ധതിയാകണം തയ്യാറാക്കേണ്ടത്. 

ജില്ലയിലെ മഴ, മഴയുടെ അളവിലെ കുറവ്, കാരണങ്ങൾ, വരൾച്ചാ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രൊഫ. അഭിലാഷ് എസ്, സംസ്ഥാന ഭൂഗർഭജല വകുപ്പിൽ നിന്ന് സൂപ്രണ്ടിംഗ് ഹൈഡ്രോളജിസ്റ്റ് ആയി വിരമിച്ച ഡോ. ലാൽ തോംപ്സൺ എന്നിവർ ക്ലാസുകൾ എടുത്തു.  കണ്ണൂർ ജില്ലയിൽ വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നതെന്ന് പ്രൊഫ. അഭിലാഷ് പറഞ്ഞു. തളിപ്പറമ്പ് ഭാഗങ്ങളിലാണ് ഇപ്പോൾ കൂടുതൽ മഴ ലഭിക്കുന്നത്. മഴയുടെ കുറവ്, മഴയുടെ പാറ്റേണിലെ വ്യത്യാസം, കൂടുന്ന ചൂട് എന്നിവ ജലജന്യ രോഗങ്ങളുടെ വർധനയ്ക്ക് കാരണമായിട്ടുണ്ട്. 

ജില്ലയിലെ 2885 ചതുരശ്ര വിസ്തൃതി സ്ഥലത്ത് 1137 ഭൂഗർഭജല റീചാർജിങ് പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെന്ന് ഡോ. ലാൽ തോംപ്സൺ ചൂണ്ടിക്കാട്ടി. അസിസ്റ്റൻറ് കലക്ടർ എസ് സ്വാതി, എ.ഡി.എം പി എൻ പുരുഷോത്തമൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ.കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു. ഭൂഗർഭജലം, ജല അതോറിറ്റി, ജലസേചനം, ഫിഷറീസ്, കൃഷി, വനം തുടങ്ങിയ വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡ്, കോളേജുകൾ, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകൾ അവതരണങ്ങൾ നടത്തി. ശില്പശാലയുടെ തുടർച്ചയായി കൂടുതൽ കൂടിയാലോചനകൾ നടത്തി സമഗ്രമായ പദ്ധതി ആവിഷ്കരിക്കാനാണ് നീക്കം.


Previous Post Next Post