കണ്ണൂർ :- രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും അനുയോജ്യമായ വിവാഹാലോചനകൾ കണ്ടെത്താനായില്ല. മാട്രിമോണിയൽ സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്‌സിംഗ് കോളേജ് പ്രൊഫസർ. സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതിയാണ് മാട്രിമോണി സ്ഥാപനത്തിന് 8000 രൂപ പിഴയിട്ടത്. രവി സുരേഷ് പ്രസിഡന്റും മോളിക്കുട്ടി മാത്യു, സജീഷ് കെ.പി എന്നിവർ അംഗങ്ങളായ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. 2016 ലാണ് നഴ്സിംഗ് കോളേജ് പ്രൊഫസറായ യുവാവ് വിവാഹ ആലോചനയ്ക്കായി മാട്രിമോണി സ്ഥാപനത്തെ സമീപിച്ചത്. യുവാവിൽ നിന്ന് ഈടാക്കിയ ഫീസായ 3000 രൂപയും യുവാവിനുണ്ടായ മാനസിക പീഡനത്തിന് 5000 രൂപയും നൽകാനാണ് ഉത്തരവ്. മൂവായിരം രൂപ ഫീസ് നൽകിയാൽ വിവാഹം നടക്കുന്നത് വരെ പ്രൊഫൈൽ സജീവമായിരിക്കുമെന്നായിരുന്നു സ്ഥാപനം അറിയിച്ചത്. രജിസ്റ്റർ ചെയ്ത സമയത്ത് കാസർഗോഡ് നിന്ന് ഒരു വധുവിനെ പരിചയപ്പെടുത്തുമെന്ന ഉറപ്പും യുവാവിന് ലഭിച്ചിരുന്നു. എന്നാൽ 9 വർഷമായിട്ടും ഒന്നും സംഭവിച്ചില്ല. പരാതിയുമായി ഏജൻസിയെ നിരവധി തവണ സമീപിച്ചെങ്കിലും ആലോചന ഉടനെത്തുമെന്ന ആശ്വസിപ്പിക്കൽ മാത്രമാണ് ഉണ്ടായത്.
മകന്റെ വിവാഹം കാണാനുള്ള കാത്തിരിപ്പിനിടെ 2025 ഒക്ടോബറിൽ യുവാവിന്റെ പിതാവ് കാൻസർ ബാധിച്ച് മരണപ്പെട്ടു. ഇതോടെയാണ് തനിക്ക് സാമ്പത്തിക നഷ്‌ടവും കനത്ത മാനസിക ബുദ്ധിമുട്ടും സൃഷ്‌ടിച്ചെന്ന് വിശദമാക്കി യുവാവ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. മാട്രിമോണിയൽ സ്ഥാപനത്തിന് വലിയ വീഴ്ച പറ്റിയതായി കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബെഞ്ച് വിലയിരുത്തി.കമ്മീഷൻ നോട്ടീസ് അയച്ചിട്ടും മാട്രിമോണി ബ്യൂറോയിൽ നിന്ന് ആരും ഹാജരാവുകയോ തങ്ങളുടെ ഭാഗം ന്യായീകരിക്കുകയോ ചെയ്തില്ല. ഇതോടെയാണ് ബെഞ്ച് ഏകപക്ഷീയമായ വിധി പ്രഖ്യാപിച്ചത്. ഉത്തരവ് വന്ന് 30 ദിവസത്തിനകം ഈ തുക നൽകണമെന്നും, അല്ലാത്തപക്ഷം ഈ തുകയ്ക്ക് 9 ശതമാനം വാർഷിക പലിശ ഈടാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
