US - ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് പടരുന്നു ; ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്

ദുബായ് :- യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, സ്വപ്നനഗരമായ


ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ആശങ്കയിലായിരിക്കുന്നത്. സംഘർഷ അന്തരീക്ഷം മാസങ്ങൾ പിന്നിടുമ്പോൾ ദുബായിൽ പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാവുകയും പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും, ആളുകൾക്ക് പുതിയ ജോലികൾ കണ്ടെത്തുന്നതിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായി 'ദി ന്യൂയോർക്ക് ടൈംസിനെ' ഉദ്ധരിച്ച് ദി 'ഇന്ത്യൻ എക്സ്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎഇക്ക് നേരെ ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ വിനോദസഞ്ചാരം, വ്യോമയാന മേഖല, വിദേശികളെ ആശ്രയിച്ച് കഴിയുന്ന മറ്റ് ബിസിനസുകൾ എന്നിവ പ്രതിസന്ധിയിലാണ്. പല കമ്പനികളും പുതിയ ആളുകളെ നിയമിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. മാൻപവർ ഗ്രൂപ്പ് നടത്തിയ സർവേ പ്രകാരം യുഎഇയിലെ നാലിൽ ഒന്ന് തൊഴിലുടമകൾ ഈ വർഷം മൂന്നാം പാദത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. മൂന്നിലൊന്ന് കമ്പനികൾക്ക് പുതിയ നിയമനങ്ങളെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലാത്ത അവസ്ഥയാണ്.

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ദുബായിൽ വിദേശ കുടുംബങ്ങൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയത് ഗാർഹിക തൊഴിലാളികളെയും ഡ്രൈവർമാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി ബിസിനസ് സ്ഥാപനങ്ങൾ പൂട്ടിയതോടെ മലയാളികൾ അടക്കമുള്ള ഐ.ടി, അക്കൗണ്ടിംഗ് മേഖലയിലെ ഉദ്യോഗസ്ഥർക്കും ജോലി നഷ്ടപ്പെട്ടു. ജോലിയിൽ തുടരുന്നവർക്ക് ടൂറിസ്റ്റുകളുടെ കുറവ് മൂലം കമ്മീഷൻ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്. പലർക്കും നിശ്ചിത ശമ്പളം കമ്പനികൾ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ശമ്പളമില്ലാതാവുകയോ വൻ തോതിൽ ശമ്പളം കുറയുകയോ ചെയ്‌തതോടെ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾക്ക് കഴിയുന്നില്ല. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും കുട്ടികളുടെ പഠനത്തെയും ബാധിച്ചു തുടങ്ങി. വായ്പ‌കളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും തീർക്കാൻ കഴിയാതെ നിരവധി പ്രവാസികളാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്നത്.

തൊഴിൽ മേഖലയിലെ ഈ മന്ദഗതി താത്കാലിക പ്രതിസന്ധി മാത്രമാണെന്നും യുഎഇ ഈ പ്രതിസന്ധിയെ മറികടക്കുമെന്നുമാണ് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയുടെ വിശദീകരണം. ബിസിനസുകളെ സഹായിക്കാൻ 680 മില്യൺ ഡോളറിന്റെ പാക്കേജ് യുഎഇ പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും, സംഘർഷം മൂലം നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾക്ക് രാജ്യം വിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Previous Post Next Post