വളപട്ടണത്തെ ട്രാഫിക് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

 


വളപട്ടണം:-പാപ്പിനിശേരി– വളപട്ടണം പാലം ഭാഗത്തെ ട്രാഫിക് നിയന്ത്രണം മറികടക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസ്‌. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും ഉൾപ്പെടെ വളപട്ടണം പാലം ഭാഗം സന്ദർശിച്ചു.

പാപ്പിനിശേരിമുതൽ വളവട്ടണം പാലംവരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണം നിയന്ത്രണങ്ങൾ മറികടന്ന് വാഹനം ഇടയിൽ കയറുന്നതാണെന്നാണ്‌ പൊലീസിന്റെ വിലയിരുത്തൽ. വളപട്ടണം പാലത്തിലെ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ പതുക്കെ പോകുന്നതും കുരുക്കുണ്ടാക്കുന്നു. മഴ കുറയുന്ന സമയത്ത് അടിയന്തരമായി കുഴികൾ അടക്കാനും  മഴമാറിയിൽ ഉടൻതന്നെ പാലത്തിൽ ഓവർലേ ടാറിങ് ചെയ്യണമെന്നും നിർദേശിച്ചു.  

ഓണത്തിരക്ക് കൂടുന്നതിനനുസരിച്ച് വാഹനങ്ങൾ കണ്ണൂരിലേക്കെത്തുന്നത് വലിയതോതിൽ വർധിക്കുന്നത്‌  ഗതാഗതക്കുരുക്ക്‌ ഇനിയും രൂക്ഷമാക്കും.  ട്രാഫിക് നിയന്ത്രണം കർശനമായി പാലിച്ച് വാഹനങ്ങൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കണമെന്നും വിലയിരുത്തി.

 വളപട്ടണം സിഐ ജിതേഷ്,  ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീൽ, എസ്ഐ സി കെ സുജിത്ത്, വിശ്വസമുദ്ര പ്രോജക്ട് ഓഫീസർ ശ്യാം എന്നിവരും എം.എൽ എക്കൊപ്പം സ്ഥലം സന്ദർശിച്ചു.

Previous Post Next Post