സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ


തിരുവനന്തപുരം :- നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രാവിഷ്കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിൻ്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.

പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ അത്രയും കുടുംബങ്ങൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ട‌ാതിഥിയായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടൺ അരി വിദ്യാർഥികൾക്കായി വിതരണം ചെയ്യുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂർത്തിയായതായും അടുത്ത ദിവസങ്ങളിൽ എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

Previous Post Next Post