കണ്ണൂർ :- തലശ്ശേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് പിടിച്ചെടുത്ത് പൊലീസ്. അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. കണ്ണൂർ സൈബർ എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ കണ്ണൂർ കളക്ടർക്ക് കൈമാറും. അർജുൻ ആയങ്കിക്കായി കണ്ണൂർ സൈബർ പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.
ഒളിവിലിരുന്ന് വെല്ലുവിളിച്ച് അകത്തായ ആർജുൻ ആയങ്കിയെ പൂട്ടാനുറച്ച് തന്നെയാണ് പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം വന്നതിന് പിന്നാലെ കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. 23 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണർ മുഖാന്തിരം കണ്ണൂർ കളക്ടർക്ക് കൈമാറും. കലക്ടറാണ് കാപ്പ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന കേസിൽ അർജുനായി കണ്ണൂർ സൈബർ പൊലീസ് തലശ്ശേരി സി ജെ എം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതിനാൽ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നു. കോതമംഗലം എസ് എച്ച് ഓയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് ഫോണിൽ അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഊന്നുകൽ പൊലീസ്. ജയിലിലുള്ള അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം കസ്റ്റഡി അപേക്ഷയും നൽകും. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാനും യാത്ര ചെയ്യാനും സഹായിച്ചവർക്കായി കണ്ണൂർ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
