രാത്രി തുടർച്ചയായി പവർകട്ട് ; KSEB ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ


കൊച്ചി :- രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ സനീഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ 16-നായിരുന്നു കേസിന് ആസ്പ‌ദമായ സംഭവം. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷിനെ അറസ്റ്റ് ചെയ്തത്‌. 

തുടർച്ചയായ വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് ഫോർട്ട്കൊച്ചി വൈദ്യുതി ഓഫീസിലെത്തിയ സനീഷ് ജീവനക്കാരോട് അസഭ്യം പറയുകയും പ്രകോപിതനാകുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് ഓഫീസ് വളപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികൾ എടുത്തെറിഞ്ഞ് തകർക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. കെഎസ്ഇബി ഫോർട്ട്കൊച്ചി അസിസ്റ്റന്റ് എഞ്ചിനിയർ നൽകിയ പരാതിയിലാണ് നടപടി. പൊലീസ് ഇൻസ്പെക്ടർ രതീഷ്, എസ്ഐ അഞ്ജന, എഎസ്ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Previous Post Next Post