കൊല്ലം :- മരണത്തിലും മാതൃകയായ് യുവസൈനികൻ. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവൻ പകർന്നാണ് കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) യാത്രയായത്. ഏറെ കാലമായി ഹിമാചൽപ്രദേശിൽ ആർമി ഉദ്യോഗസ്ഥനായിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച്ചയാണ് രാഹുലിനെ ഈഞ്ചക്കല്ലിലെ എസ് പി മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. വേർപാടിന്റെ വേദനയിലും രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. കിഡ്‌നികൾ പുഷ്‌പഗിരി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകും. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും ഹൃദയവാൽവുകൾ ശ്രീചിത്ര ആശുപത്രിയിലേക്കുമ നൽകും. ത്വക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകും. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമെത്തിക്കും.
