ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് വൻ ഭീഷണി ; നിയന്ത്രിക്കാനാകില്ലെന്ന് മുൻ ഗവേഷകൻ


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിലെ മുൻ ഗവേഷകൻ ജേക്കബ് കോക്സൺ. ആണവായുധങ്ങളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ മനുഷ്യർക്കറിയാമെങ്കിലും കൃത്രിമ ബുദ്ധിയെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

'മനുഷ്യരാശി സൃഷ്ടിച്ചതിൽ ഏറ്റവും അപകടകരമായ സാങ്കേതികവിദ്യ'

ആന്ത്രോപിക്കിൽ നാല് മാസം മാത്രം ജോലി ചെയ്ത ശേഷം രാജിവച്ച കോക്സൺ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആശങ്ക പങ്കുവച്ചത്. "ആണവായുധങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയാം. എന്നാൽ കൃത്രിമ ബുദ്ധിയെ എങ്ങനെ നിയന്ത്രിക്കണമെന്ന് ഇതുവരെ അറിയില്ല," അദ്ദേഹം പറഞ്ഞു. മനുഷ്യരാശി ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതിൽ ഏറ്റവും അപകടകരമായ സാങ്കേതികവിദ്യയായി കൃത്രിമ ബുദ്ധി മാറാൻ സാധ്യതയുണ്ടെന്നും കോക്സൺ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ കൂടുതൽ ശക്തമാകുന്നതിന് മുമ്പ് രാജ്യങ്ങളും എഐ കമ്പനികളും പരസ്‌പരം സഹകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത പത്ത് വർഷം നിർണായകം

ആന്ത്രോപിക്കിലെ മുൻ ഗവേഷകനും സുരക്ഷാ വിഭാഗത്തിലെ പ്രധാന ഗവേഷകനുമായ ഇവാൻ ഹ്യൂബിങ്ങറും നേരത്തെ സമാനമായ ആശങ്കകൾ പങ്കുവച്ചിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ കൃത്രിമ ബുദ്ധിക്ക് മനുഷ്യരാശിയെ പൂർണമായും ഇല്ലാതാക്കാനുള്ള സാധ്യത 10 ശതമാനത്തിൽ അധികമാണെന്നാണ് തന്റെ വ്യക്തിപരമായ വിലയിരുത്തലെന്ന് ഹ്യൂബിങ്ങർ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ മനുഷ്യബുദ്ധിയെ ഗണ്യമായി മറികടക്കുന്ന അതിശക്തമായ എഐ സംവിധാനങ്ങൾ വികസിച്ചാൽ അവയെ മനുഷ്യ താൽപര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന കാര്യത്തിൽ വ്യവസായത്തിന് ഇപ്പോഴും വ്യക്തമായ പരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർഇന്റലിജൻസ് ഭീഷണി

മനുഷ്യരുടെ ബുദ്ധിശേഷിയെ ഗണ്യമായി മറികടക്കുന്ന 'സൂപ്പർഇന്റലിജൻസ്' ഘട്ടത്തിലേക്ക് കൃത്രിമ ബുദ്ധി എത്തുന്നതോടെയാണ് അപകടസാധ്യത കൂടുതൽ രൂക്ഷമാകുന്നതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ പ്രമുഖ കമ്പനികൾ കൂടുതൽ ശക്തമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി അതിവേഗം മുന്നേറുകയാണെന്നും കോക്സൺ വിമർശിച്ചു. "അവർ സ്വയം മെച്ചപ്പെടുത്താൻ കഴിയുന്ന അതിശക്തമായ എഐയിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇതിലൂടെ മനുഷ്യജീവിതത്തെയാണ് അപകടത്തിലാക്കുന്നത്," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

AI വികസനം പുതിയ ആയുധമത്സരമാകുമോ?

രാജ്യങ്ങളും കമ്പനികളും പരസ്‌പരം പിന്നിലാകുമെന്ന ഭയത്തിൽ കൂടുതൽ ശക്തമായ എഐ വികസിപ്പിക്കാൻ മത്സരിക്കുന്ന സാഹചര്യം ഭാവിയിൽ ഒരു പുതിയ ആയുധമത്സരത്തിന് സമാനമായ അവസ്ഥ സൃഷ്‌ടിക്കാമെന്നും കോക്സൺ മുന്നറിയിപ്പ് നൽകി. ഇത്തരം മത്സരം നിയന്ത്രിക്കാനായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ എഐ വികസനവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം ശക്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കോക്സൺ അഭിപ്രായപ്പെട്ടു.

വഞ്ചനയും ബ്ലാക്ക്മെയിലും ; സുരക്ഷാ ആശങ്കകൾ

എഐ സംവിധാനങ്ങൾ കൂടുതൽ ശേഷിയുള്ളവയാകുന്നതിനനുസരിച്ച് അവയുടെ പെരുമാറ്റം പ്രവചിക്കാൻ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ശക്തമാകുകയാണ്. വഞ്ചന, ബ്ലാക്ക്‌മെയിൽ, ഗൂഢാലോചന തുടങ്ങിയ അപ്രതീക്ഷിത സ്വഭാവങ്ങൾ അതിശക്തമായ എഐ സംവിധാനങ്ങളിൽ പ്രകടമാകാനുള്ള സാധ്യതയുണ്ടെന്ന് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എഐ ഏജൻ്റുകളുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളും കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് വ്യക്തമാക്കുന്നതായി കോൺ പറഞ്ഞു. മനുഷ്യ നിയന്ത്രണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് മുമ്പ് എഐയുടെ ശേഷി പരിധിയില്ലാതെ വർധിപ്പിക്കുന്നതിൽനിന്ന് കമ്പനികളും രാജ്യങ്ങളും പിന്മാറണമെന്നാണ് ഉയരുന്ന ആവശ്യം.

Previous Post Next Post