ദില്ലി :- സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ഏഴായി. ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതുവരെ 12 പേരെ പുറത്തെടുത്തതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലായതിനാൽ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാണാതായവരുടെ ബന്ധുക്കൾ ആശുപത്രി പരിസരത്ത് കാത്തിരിക്കുകയാണ്.
അപകടത്തിന് കാരണമായ തകർന്ന കെട്ടിടത്തിന്റെ ഉടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയിൽ നിന്നാണ് പിടിയിലായത്. നേരത്തെ ഇയാളെ കണ്ടെത്താൻ ദില്ലി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തെത്തുടർന്ന് കടുത്ത നിയമലംഘനങ്ങളാണ് പുറത്തുവരുന്നത്. സുരക്ഷിതമല്ലെന്ന് കാട്ടി അടച്ചിട്ട കെട്ടിടം കഴിഞ്ഞവർഷം മുതലാണ് വീണ്ടും തുറന്നുപ്രവർത്തിച്ചത്. സംഭവത്തിൽ എം സി ഡി ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. സത്യനികേതനിൽ നാലുനിലയിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളിലും സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും അപകടത്തിന്റെറെ വ്യാപ്‌തി മറച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും എൻ എസ് യു ദേശീയ അധ്യക്ഷൻ വിനോദ് ജാക്കർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്.
