തിരുവനന്തപുരം :- സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിൻ്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ്റ് വിഭാഗം സംയുക്തമായി സെപ്റ്റംബർ 16-ന് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. കേരളത്തിലെ റെയിൽവേയുടെ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകിവരുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങളിലും വസതികളിലും അധിക വ്യാപാരസ്ഥലങ്ങളിലും ഉൾപ്പെടെ 69 സ്ഥലങ്ങളിൽ പരിശോധന നടത്തി.
പരിശോധനയിൽ, നികുതിദായകർ റിട്ടേണുകളിൽ കാണിച്ചിട്ടുള്ള ടേൺഓവർ യഥാർത്ഥ സേവനങ്ങളിൽ നിന്നുള്ള ടേൺഓവറിനേക്കാൾ ഗണ്യമായി കുറവാണെന്ന് കണ്ടെത്തി. ഒന്നിലധികം ക്യൂ.ആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്.
13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഫ്റ്റ്വെയറിൽ നിന്നും മറ്റ് നികുതിദായകരുടെ വിവരങ്ങൾ ബുക്കുകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ വിശദമായ അന്വേഷണം പുരോഗമിച്ചുവരികയാണ്. കെഎസ്ആർടിസി, ആശുപത്രികൾ, മാളുകൾ, തീയേറ്ററുകൾ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിംഗിന്റെ വിവരങ്ങൾ സംസ്ഥാന ജി.എസ്.ടി 4 ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥലങ്ങളിൽ പരിശോധനകൾ തുടരും. ഈ മേഖലയിലെ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് inform.sgst@kerala.gov.in -മെയിൽ വിലാസത്തിൽ രഹസ്യമായി വിവരങ്ങൾ അറിയിക്കാവുന്നതാണ്. നികുതി വെട്ടിപ്പ് നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.
