സ്കൂൾ തുറന്നിട്ട് മതി പരീക്ഷകൾ ; വിദഗ്ധ സമിതി റിപ്പോർട്ടിന്റെ കരടായി


തിരുവനന്തപുരം
:-  കോവിഡ് 19 പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതെ പരീക്ഷകൾ നടത്തണ്ടതില്ലെന്ന് വിദഗ്ധ സമിതി ശുപാർശ. കോവിഡ് കാല പഠന പ്രവർത്തനങ്ങൾ സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.

കരട് പൂർത്തീകരിച്ച റിപ്പോർട്ടിൻ്റെ അന്തിമരൂപം സർക്കാരിന് കൈമാറാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടറെ സമിതി ചുമതലപ്പെടുത്തി.റിപ്പോർട്ട് ഈയാഴ്ച സർക്കാരിന് സമർപ്പിക്കും.

സംസ്ഥാനത്ത് വിക്ടേഴ്സ് വഴി തുടർന്ന് വരുന്ന ഒൺ ലൈൻ പഠനം (ഫസ്റ്റ് ബെൽ) സമഗ്രമാക്കാനും നിർദേശമുണ്ട്. ക്ലാസ്സുകൾ വിദഗ്ധർ പരിശോധിച്ചതിനു ശേഷം മാത്രമേ സംപ്രേഷണം ചെയ്യാവു. വീഡിയോ ക്ലിപ്പുകളോ ആനിമേഷനോ ഉപയോഗിച്ച് ക്ലാസ്സുകൾ കൂടുതൽ ആകർഷകമാക്കാം.

എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് നൽകുന്നതിനും ശുപാർശയുണ്ട്. ഒൺലൈൻ പഠനം കുട്ടികളിൽ വേണ്ട വിധത്തിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് വർക്ക് ഷീറ്റുകൾ നൽകുന്നത്. നാലാം ക്ലാസ്സുവരെ ഉള്ളവർക്ക് വർക്ക് ഷീറ്റുകൾഇതിനോടകം വിതരണം ചെയ്തിരുന്നു. ഏഴുവരെയുള്ളവരുടെ തയ്യാറായി കഴിഞ്ഞു. എട്ടുമുതൽ 12 വരെയുള്ള കുട്ടികൾക്കും കൂടി വർക്ക്ഷീറ്റുകൾ തയ്യാറാക്കി നൽകണമെന്നാണ് നിർദേശം.

കോവിഡ് പ്രതിസന്ധി തുടർന്നാലും അധ്യയനവർഷം സംരക്ഷിക്കണമെന്നും കരട് റിപ്പോർട്ടിലുണ്ട്. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിലൂടെയും കൊവിഡ് പ്രതിസന്ധി മാറിയാൽ സ്മൾ തുറന്നും സിലബസ് പൂർത്തീകരിക്കും. ആവശ്യമെങ്കിൽ മധ്യവേനലവധിക്കാലം ഇതിനായി ഉപയോഗിക്കാമെന്നും കരട് റിപ്പോർട്ടിൽ നിർദേശിക്കുന്നു .

Previous Post Next Post