കൊളച്ചേരി : - കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യാത്ത പാമ്പുരുത്തിയെ കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെടുത്തി പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് രാവിലെ മുതലാണ് പാമ്പുരുത്തിയിൽ പ്രവേശിക്കുന്നതിനും ഇവിടെ നിന്നും പുറത്തു പോകുന്നതിനും പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. പരിശോധനയ്ക്കായി ഇവിടെ രണ്ടു പോലീസിനെ സ്ഥിരമായി നിയോഗിക്കുകയും ചെയ്തു. ഇന്നലെ പുറത്തുവന്ന കൊവിഡ് പരിശോധന ഫലത്തിൽ കൊളച്ചേരി പഞ്ചായത്തിലെ 4,13 വാർഡുകളിലാണ് കൊവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പാമ്പുരുത്തി ഉൾപ്പെട്ടിരുന്നില്ല. പഞ്ചായത്തിൽ ലഭിച്ച റിപ്പോർട്ടിലും പാമ്പുരുത്തിയിൽ കോവിഡ് കേസ് ഇല്ല. അതേസമയം കലക്ടറിൽ നിന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം പാമ്പുരുത്തി കണ്ടെയ്ൻമെൻ്റ് സോൺ ആണെന്നാണ് മയ്യിൽ പോലീസ് നൽകുന്ന വിശദീകരണം. ഇക്കാര്യത്തിൽ വൈകുന്നേരത്തോടെ അമളി ബോധ്യമായതോടെ നിയന്ത്രണം ഒഴിവാക്കി പോലീസ് തിരികെ പോയി.