തളിപ്പറമ്പ്:- തളിപ്പറമ്പ് നഗരസഭാ ഭരണം അനിശ്ചിതത്വത്തിന്റെ നിഴലിൽ, ഇന്നലെ നടന്ന ഓൺലൈൻ കൗൺസിൽ യോഗം അള്ളാംകുളം വിഭാഗത്തിലെ ഏഴു കൗൺസിലർമാർ ബഹിഷ്ക്കരിച്ചു. ഇവരുടെ നേതൃത്വത്തിൽ തുടർന്ന് ചേർന്ന യോഗം നഗരസഭാ കൗൺസിലിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായി ആരോപിച്ചു.
സ്റ്റിയറിംഗ് കമ്മറ്റി പോലും ഒരു കാര്യങ്ങളും അറിയുന്നില്ലെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്. നഗരസഭയിൽ നടക്കുന്നത് പിൻസീറ്റ് ഭരണമാണെന്നും, കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന നിലയിലാണെന്നും ആരോപണം ശക്തമാവുകയാണ്.
വികസന സ്ഥിരം സമിതി ചെയർപേഴ്സൻ എം.കെ.ഷബിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി.റിജുല, കൗൺസിലർമാരായ സി.മുഹമ്മദ് സിറാജ്, കെ.മുഹമ്മദ്കുഞ്ഞി,സി.നുബ്ല, പി.മുനീറ, എം.സജ്ന എന്നിവരാണ് ഇന്നലെ നടന്ന കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗവും അള്ളാംകുളം വിഭാഗം ബഹിഷ്ക്കരിച്ചിരുന്നു. ആകെയുള്ള 15 കൗൺസിലർമാരിൽ 7 പേർ യോഗം ബഹിഷ്ക്കരിച്ചത് ഭരണപക്ഷത്തിന് വലിയ തിരിച്ചടിയായി. നഗരസഭാ ചെയർമാനെ നേരിൽ കണ്ട് ആർക്കും പരാതി പറയാനോ നിവേദനം നൽകാനോ സാധിക്കുന്നില്ലെന്ന ആക്ഷേപവും ഇതിനിടയിൽ ശക്തിപ്പെട്ടുവരുന്നുണ്ട്.
നഗരഭരണത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നഗരസഭാ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് 16 കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികളും രാവിലെ സംഘടിപ്പിച്ചിരുന്നു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവം അവസാനിപ്പിക്കുക, മഴക്കാലപകർച്ചവ്യാധികളിൽനിന്ന് ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.എം. പ്രതിഷേധസമരം നടത്തിയത് .
പ്രതിഷേധങ്ങൾ ശരിവെക്കുന്ന വിധത്തിലായിരുന്നു ലീഗ് കൗൺസിലർമാരുടെ ബഹിഷ്ക്കരണം.കോവിഡ് മഹാമാരിക്കിടയിൽ നഗരസഭയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം ഉയർന്നുവരുന്നതിനിടയിലാണ് ലീഗിൽ തന്നെ പൊട്ടിത്തെറി രൂപം കൊണ്ടിരിക്കുന്നത്. അഞ്ച് മാസം പിന്നിടുന്ന നഗരഭരണം തുടക്കത്തിൽ ഉണ്ടായിരുന്ന മികവ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒരു വിഭാഗം ആവശ്യമുന്നയിച്ചുകഴിഞ്ഞതായാണ് സൂചനകൾ. ഏതായാലും വരാൻപോകുന്ന ദിവസങ്ങൾ തളിപ്പറമ്പ് നഗരസഭക്ക് നിർണായകമാണെന്നാണ് പിന്നാമ്പുറ സൂചനകൾ.