നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റുകളെയും അടിയന്തിരമായി നിയമിക്കണം; എസ് ഡി പി ഐ

 

നാറാത്ത്:- നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റുകളെയും അടിയന്തിരമായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്‍കി.

മാസങ്ങള്‍ക്ക് മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയപ്പോള്‍ അഴീക്കോട് എംഎല്‍എ കെ വി സുമേഷും ബന്ധപ്പെട്ടവരും വൈകുന്നേരം അഞ്ചുമണി വരെ രണ്ട് ഡോക്ടര്‍മ്മാരുടെ സേവനം ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇത് വരെ അഞ്ചു മണി വരെ ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടര്‍മാരെ നിയോഗിച്ചിട്ടില്ല. പകര്‍ച്ചപ്പനിയും കൊവിഡും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പോലും ദിവസേന

250 മുതല്‍ 300 വരെ രോഗികള്‍ ചികില്‍സയ്‌ക്കെത്തുന്ന ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറെ മാത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നത് അപര്യാപ്തമാണ്. പനിയും മറ്റ് ആരോഗ്യ പ്രശ്‌നവുമായി വരുന്നവര്‍ മണിക്കൂറുകള്‍ ക്യു നിന്ന് കഷ്ടടപ്പെടുകയാണ്. ഫാര്‍മസിസ്റ്റുകളുടെ എണ്ണവും അനുസൃതമായി ഉയര്‍ത്താത്തതിനാല്‍ മരുന്ന് വിതരണം ചെയ്യുന്ന സ്ഥലത്തും മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. ആയതിനാല്‍ അടിയന്തിരമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് പൊതുജനങ്ങളുടെ പ്രയാസം അകറ്റണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി എം ടി ഹനീഫ, കമ്പില്‍ ബ്രാഞ്ച് പ്രസിഡന്റ് മൂസാന്‍, കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷഹബാസ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Previous Post Next Post