മയ്യിൽ :- വള്ളിയോട്ടുവയൽ പാടശേഖര സമിതിയുടെ മൂന്നുദശാബ്ദത്തിലധികം നീണ്ട കാർഷിക സപര്യയ്ക്കാണ് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ ആറാമത് എൻ ഉണ്ണികൃഷ്ണൻ പുരസ്കാരം.അനാദിയായ തലമുറകളെ വിശക്കാതെ അന്നമൂട്ടിയ 33 ഏക്കർ വിസ്തൃതമായ പാടശേഖരമാണ് വള്ളിയോട്ടുവയൽ. 78 പേരിൽതുടങ്ങി നൂറിലധികം കർഷകരുടെ ഐക്യത്തിൽ എത്തിനിൽക്കുന്ന അനുകരണീയ മാതൃകയാണ് ഇവിടെ ആദരിക്കപ്പെടുന്നത്.
പുസ്തകങ്ങളും അന്നവും തമ്മിലുള്ള ഹൃദയബന്ധത്തെയാണ് മലയൻകുനി ദാമോദരനെന്ന മണ്ണിന്റെ മണമുള്ള കർഷകനിൽ നിന്ന് തുടങ്ങിയ പുരസ്കാരത്തിലൂടെ ഞങ്ങൾ വിളക്കിച്ചേർക്കാൻ ശ്രമിക്കുന്നത്. ഉണ്ണിയേട്ടനെപ്പോലെ മണ്ണിൽ ചവിട്ടി നിൽക്കുന്ന അനേകം മനുഷ്യർക്കുള്ള ആദരം കൂടിയാണിത്.
പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എൻ ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ജന്മനാട്ടിലെ സഫ്ദർഹാഷ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഈ പുരസ്കാരം. മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത്, മലപ്പട്ടം പഞ്ചായത്തുകളിലെ വ്യക്തികളേയും സംഘടനകളേയും കൂട്ടായ്മകളേയുമാണ് ഇക്കുറി പുരസ്കാരത്തിന് പരിഗണിച്ചത്. കൊടുവള്ളി ബാലൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. മെയ് 15ന് ലൈബ്രറി പരിസരത്ത് ചേരുന്ന വിപുലമായ പരിപാടിയിൽ ടി ശശിധരൻ പുരസ്കാരം സമ്മാനിക്കും.
കുന്നുകളിറങ്ങി വന്ന് വയലുകൾ നികന്നുപോകുന്ന കാലത്ത് കൃഷിഭൂമിയുടെ കാവൽസേനയാവുകയാണ് വള്ളിയോട്ടുവയലിലെ കാർർഷിക കൂട്ടായ്മ. വള്ളിയോട്ട്,പൂരക്കൊട്ടാരത്തിൽ താഴെ, കൊളവയൽ, പുളിയാലെത്താഴെ, കീഴാടത്തും മൂല എന്നിങ്ങിനെ ചിതറിക്കിടക്കുന്ന വയലുകളെ ഒരേ മാലയിൽ കോർത്ത മുത്തുകൾ പോലെ കണ്ണിയറ്റു പോകാതെ ചേർത്തുവച്ചാണ് വള്ളിയോട്ട് പാടശേഖരം രൂപീകരിച്ചത്. വിവിധ ജലസ്രോതസുകൾ കടന്നുപോകുന്ന വഴികൾ പിൻപറ്റിയാണ് കൃഷിയുടെ മുൻഗണനാക്രമം നിശ്ചയിച്ചിരുന്നത്.
1990 ൽ തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ 479/90 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്ത കൂട്ടായ്മയാണ് ഇത്രമേൽ ഹൃദയ ഐക്യമുള്ള കർഷക ഐക്യമായി മാറിയത്. 1990 ജനുവരി 30ന് മുതിർന്ന കർഷകനായ വി വി കൃഷ്ണൻ നമ്പ്യാരുടെ അധ്യക്ഷതയിൽ വളളിയോട്ട് ജയകേരള വായനശാലയിൽ ചേർന്ന യോഗത്തിലാണ് വള്ളിയോട്ട് നെൽകർഷക സമിതി പിറന്നത്.
വള്ളിയോട്ട് പാടശേഖരത്തിന് എല്ലാ വയലുകൾക്കുമെന്ന പോലെ മനുഷ്യരുടെ അതിജീവനത്തിന്റെ ചരിത്രമുണ്ട്.അന്നം പകർന്ന വയലുകൾ നടത്തിയ പോരാട്ടങ്ങളിൽ നിന്ന് കൊളുത്തിയ തീജ്വാലയിൽ നിന്നാണ് ഇവിടെ മനുഷ്യ വിമോചനത്തിന്റെ രാഷ്ട്രീയം കത്തിപ്പടർന്നത്. വള്ളിയോട്ട് പാടശേഖരത്തിന്റെ നടുവിലായിരുന്നു ചെളി കൊത്തിയെടുത്ത് മൺതറയുണ്ടാക്കി ജയകേരളവായനശാലയുടെ ആദ്യകെട്ടിടം പണിതത്. കർഷകർ അന്നവും അറിവും പകർന്നതിന്റെ, അവ തമ്മിലുള്ള ജൈവബന്ധത്തിന്റെ അടിത്തറയായിരുന്നു അത്. പിന്നീട് ഗ്രന്ഥാലയം വള്ളിയോട്ട് റോഡരികിലേക്ക് പറിച്ചുനട്ടു.
വള്ളിയോട്ട് പ്രദേശത്തിന് ദശാബ്ദങ്ങൾക്ക് മുന്നേ മോസ്കോയെന്ന വിളിപ്പേരുണ്ട്. ലോകത്തെങ്ങും അടിച്ചമർത്തപ്പെട്ട അടിമതുല്യരായ മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിച്ച മഹത്തായ ആശയമുൾക്കൊണ്ട് ബോൾഷെവിക്കുകൾ പണിത സോവിയറ്റ് യൂണിയന്റെ തലസ്ഥാനമായ മോസ്കോയുടെ ചെറുപതിപ്പായിരുന്നു വള്ളിയോട്ട്. തൊഴിലാളികളുടെ, കർഷകരുടെ ഉയർത്തെഴുന്നേൽപ്പിന് നമ്മുടെ പൂർവ്വീകർ നൽകിയതാണ് മോസ്കോ എന്ന നാമധേയം.
കണ്ണൂർ ജില്ലയിൽ കൂടുതൽ നെൽ കൃഷിയുള്ള പഞ്ചായത്തുകളിൽ ഒന്നാണ് മയ്യിൽ. സമാനതകളില്ലാത്ത മാതൃകകൾ പിന്തുടരുന്നുണ്ട് മയ്യിലിലെ മിക്ക പാടശേഖര സമിതികളും. വള്ളിയോട്ടുവയൽ പാടശേഖരത്തെ ആദരിക്കുന്നതിലൂടെ മയ്യിലെ എല്ലാ പാടശേഖര സമിതികളേയും കാർഷിക സംസ്കൃതിയേയും ഞങ്ങൾ ചേർത്തുവെക്കുകയാണ്.
പുരസ്കാരത്തിനായി പരിഗണിച്ച മാതൃകാ പ്രവർത്തനങ്ങൾ പലതുണ്ട് വള്ളിയോട്ട് പാടശേഖരത്തിന്.
വയൽ തരിമ്പും തരിശിടാതെയുള്ള രണ്ട് വിളകൾ ഏറെ സവിശേഷമായ നേട്ടമാണ്. ഒരു സീസണിൽ ആറ് ടൺ നെല്ല് ഉൽപാദനമുണ്ട് ഇവിടെ.മൂന്നാം വിളയായി ഉഴുന്ന്, ചെറുപയർ, മുതിര, വൻപയർ, മറ്റു പച്ചക്കറി കൃഷികൾ. പ്രതിസന്ധികളിൽ പകച്ചു നിൽക്കുന്ന കൃഷിക്കാർക്ക് എന്നും താങ്ങും തണലുമായി പാടശേഖര സമിതിയുണ്ട്. കൃഷി വകുപ്പ്, ത്രിതല പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ ജനാധിപത്യപരവും കുറ്റമറ്റതുമായ വിതരണം സമിതി ഉറപ്പാക്കുന്നു. കർഷകരുടെ നിരന്തരം യോഗം ചേർന്ന് സാമ്പത്തിക ഓഡിറ്റിംഗ് ഉറപ്പാക്കുന്നു.
മൂന്ന് സെന്റു മുതൽ മൂന്ന് ഏക്കർ വരെ ഭൂമി കൈവശം വെക്കുന്ന കർഷകരുടെ കൃഷിയിടങ്ങൾക്ക് സെന്റു തിരിച്ച് ഒരേ പരിഗണന നൽകുന്നു. വിത്ത് , വളം, കുമ്മായം, സാമ്പത്തീക ആനുകൂല്യ വിതരണം എന്നിങ്ങനെ എല്ലായിടങ്ങളിലും എല്ലാവർക്കും ഒരേ പരിഗണന. പരാതികളുണ്ടായാൽ ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്നുള്ള ചർച്ചയിൽ അലിഞ്ഞില്ലാതാവുന്നുണ്ട് അവരുടെ പരിഭവങ്ങൾ. പാരമ്പര്യകൃഷിയെ ആത്മബന്ധത്തോടെ പിന്തുടരുമ്പോഴും ട്രില്ലർ, വീഡ് കട്ടർ, നടീൽ യന്ത്രം, നെല്ലുകുത്ത് യന്ത്രം, ട്രാക്ടർ തുടങ്ങി എല്ലാ ആധുനിക സങ്കേതങ്ങളും ഈ പാടശേഖരം പിൻപറ്റുന്നു.
കൃഷി ചെയ്യാൻ താൽപ്പര്യമുള്ള വയൽ ഇല്ലാത്തവർക്ക് ലളിതമായ വ്യവസ്ഥയിൽ സ്ഥലം പാട്ടത്തിന് നൽകി കാർഷിക പങ്കാളിത്തം ഉറപ്പാക്കുന്നു. പാടശേഖരത്തിന്റെ പരിധിയിൽ മൂന്ന് തടയണകൾ പണിയാൻ നേതൃത്വപരമായ പങ്ക് വഹിച്ചു. ജലവിതരണത്തിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായകമാവുന്നു. നൂറുകണക്കിന് കർഷകതൊഴിലാളുകൾക്ക് ജീവിതോപാധിയായി രണ്ട് സീസണുകളിലായി തൊഴിൽ.നിലമൊരുക്കൽ, വരമ്പുവെയ്ക്കൽ, വിത്തിടൽ, ഞാറിടൽ, നടീൽ, മരുന്നുതളി, കള പറിക്കൽ, കൊയ്ത്ത്,മെതി തുടങ്ങി ഘട്ടംഘട്ടമായി തൊഴിൽ ദിനങ്ങൾ. തൊഴിലാളികൾക്ക് ഭക്ഷണം പാടശേഖര സമിതി നേരിട്ട് തയ്യാറാക്കി വിതരണം ചെയ്യുന്നു. കൃഷിയുടെ ആരംഭം മുതൽ അവസാനം വരെ ഭാരവാഹികളും പ്രവർത്തകരും അതീവ ജാഗ്രതയോടെ കൃഷിയിടത്തിലുണ്ടാവാറുണ്ട്.
കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള കുടുംബബന്ധമുണ്ട് വള്ളിയോട്ടുപാടശേഖരത്തിൽ. പുരോഗമന രാഷ്ട്രീയത്തിന് സമഗ്രമായ മേൽക്കോയ്മയുള്ള പ്രദേശത്ത് ഇതരരാഷ്ട്രീയത്തെയും കൂട്ടിയിണക്കിയാണ് പ്രവർത്തനം. നാളിതുവരെയുള്ള കാലയളവിൽ ഐ പുരുഷോത്തമൻ നമ്പൂതിരി, വി വി കൃഷ്ണൻ നമ്പ്യാർ,
എം രാഘവൻ, ഇ പി ഭാസ്കരൻ, കെ പി ചന്ദ്രൻ, എം ഭാസ്കരൻ , ഇ പി രാജൻ, കെ നാരായണൻ ,എം വി നാരായണൻ, കെ പി പവിത്രൻ എന്നിവരാണ് പ്രസിഡണ്ടും സെക്രട്ടറിയുമാരുമായി പാടശേഖരത്തെ നയിച്ചത്. നിലവിൽ ഇ പി.ഭാസ്കരൻ പ്രസിഡണ്ടും കെ പി ദിനേശൻ സെക്രട്ടറിയുമായാണ് കൂട്ടായ്മ.ആഗോളീകരണകാലത്ത് എല്ലാ പ്രതിസന്ധികളിലും വയലിന് കാവൽനിൽക്കുകയാണ് ഈ കൂട്ടായ്മ. ഇതാണ് നാം ആഗ്രഹിക്കുന്ന പ്രാദേശിക ബദൽ.