കെ.വി രവീന്ദ്രൻ സ്മാരക മൂന്നാമത് ഗ്രാമ പ്രതിഭാ പുരസ്കാരം കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്


കൊളച്ചേരി :- സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കെ.എസ് & എ.സി പ്രസിഡൻ്റുമായിരുന്ന കെ.വി രവീന്ദ്രൻ്റെ ഓർമ്മയ്ക്കായി കെ.എസ് & എ.സി ഏർപ്പെടുത്തിയ ഗ്രാമപ്രതിഭാ പുരസ്കാരത്തിന് മാതൃകാ കർഷകൻ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് അർഹനായി. ജൂലൈ 30 ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം സമർപ്പിക്കും.

പൊതുജനങ്ങളിൽ നിന്നും വന്ന നാമനിർദ്ദേശങ്ങൾ പരിശോധിച്ച് വിദഗ്ദ്ധരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. റിട്ടയേർഡ് കൃഷി ഓഫീസർ വി.ഒ.പ്രഭാകരൻ (ചെയർമാൻ), കൊളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ ഡോ.അഞ്ജു പത്മനാഭൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.പി നാരായണൻ, എം.സുജിത്ത് മാസ്റ്റർ, കെ എസ് & എ സി പ്രസിഡൻറ് വി.വി ശ്രീനിവാസൻ,സെക്രട്ടരി അരുൺകുമാർ പി.എം എന്നിവർ അടങ്ങിയതാണ് ജൂറി കമ്മറ്റി.

ചെറുപ്പകാലം മുതൽ കൃഷിയിൽ അർപ്പിതമായ ജീവിതമാണ് നാരായണൻ നമ്പൂതിരിപ്പാടിൻ്റേത്.പാരമ്പര്യ കൃഷി രീതികൾ പിന്തുടരുന്നതിനൊപ്പം ആധുനികവും ശാസ്ത്രീയവുമായ രീതികളും അദ്ദേഹം സ്വീകരിച്ചു വരുന്നു.നാട്ടറിവുകളുടെയും കൃഷി വിജ്ഞാനത്തിൻ്റെയും ആചാര്യൻ എന്നദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ് എന്ന് ജൂറി വിലയിരുത്തി. ജന്മി കുടുംബത്തിൽ ജനിച്ച ആളെങ്കിലും കഠിനാധ്വാനത്തിലൂടെ കൃഷിപ്പണികൾ ചെയ്യുന്ന അദ്ദേഹം അക്ഷരാർഥത്തിൽ മാതൃകാ കർഷകനാണ്. ആന വൈദ്യം,കന്നുകാലി ചികിത്സ, പൊള്ളൽ ചികിത്സ എന്നീ മേഖലകളിലും വൈദഗ്ധ്യമുണ്ട്.സമ്മിശ്ര കർഷകനായ അദ്ദേഹത്തിൻ്റെ കൃഷിയിടങ്ങൾ വിസ്മയം ജനിപ്പിക്കുന്ന കാഴ്ചയാണ്.കൊളച്ചേരി വയലിലെ മൂന്നര ഏക്കർ നെൽകൃഷി ആധുനിക കൃഷി സമ്പ്രദായം ഉപയോഗിച്ചാണ് ചെയ്യുന്നത്. തെങ്ങ്, റബർ, കുരുമുളക്, വാഴ, കിഴങ്ങുവർഗങ്ങൾ, നാനാ തരം പച്ചക്കറികൾ, ചെറുധാന്യങ്ങൾ, മഞ്ഞൾ, ഇഞ്ചി, പുൽകൃഷി എന്നിങ്ങനെ വൈവിധ്യമാർന്ന വിളകൾ അടങ്ങിയ തോട്ടം കർഷകർക്ക് കൃഷിയറിവുകൾ പകരുന്ന ഒരു ഫാം സ്കൂൾ തന്നെയാണ്. കാർഷിക സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർഥികളും ഗവേഷകരും കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരുമെല്ലാം ഇവിടേക്കെത്താറുണ്ട്.പല വിളവുകളിലും നമ്പൂതിരിപ്പാട് സ്വയം വികസിപ്പിച്ച കൃഷിരീതികൾ തന്നെയുണ്ട്. നെൽകൃഷിയിലെ ഒറ്റ ഞാർ സമ്പ്രദായം, വാഴ കൃഷിയിലെ വേറിട്ട രീതികൾ ഇവയെല്ലാം ഉദാഹരണം.


മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരങ്ങൾ തുടർച്ചയായി ലഭിച്ചു വരുന്ന അദ്ദേഹത്തിൻ്റെ ഫാമിൽ 11 പശുക്കൾ ഉണ്ട്.ഒരു ദിവസം രണ്ട് നേരങ്ങളിലായി കുറഞ്ഞത് നൂറ് ലിറ്റർ പാൽ കൊളച്ചേരി പാൽ സൊസൈറ്റിക്ക് നൽകുന്നത് നമ്പൂതിരിപ്പാടാണ്. പുലർച്ചെ തുടങ്ങുന്ന അധ്വാനം തൊഴുത്തിൽ നിന്നും പാടത്തിലും തോട്ടത്തിലുമായി വൈകുന്നേരം വരെ നീളും. രാത്രി വൈകി വിശ്രമം. ഒഴിവ് സമയങ്ങളിലെ കൂട്ട് പുസ്തകങ്ങൾ. ആധികാരിക ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ഒരു വലിയ ലൈബ്രറി ഇല്ലത്തുണ്ട്. സമയചക്രങ്ങൾ ഈ തിരക്കുകളോടൊപ്പമെത്താൻ പാടുപെടും.ഭക്ഷ്യ സംസ്കരണരംഗത്തും അദ്ദേഹത്തിൻ്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. പാലുല്പന്നങ്ങളുടെ സംരംഭകൻ കൂടിയാണ്. അപൂർവങ്ങളായ നൂറ് കണക്കിന് ഔഷധ സസ്യങ്ങളുടെ ഒരു വനം തന്നെയാണ് ആ ഇല്ലപ്പറമ്പ്. ഭക്ഷ്യയോഗ്യമായ ഇലകളെക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും ഉള്ള ഒരു വിജ്ഞാനകോശം തന്നെയാണദ്ദേഹം.

മാതൃകാ കർഷകനും ആന വൈദ്യനുമായ പിതാവ് കേശവൻ നമ്പൂതിരിപ്പാട് ആണ് കാർഷിക രംഗത്ത് തൻ്റെ ഗുരുവെന്ന് അദ്ദേഹം പറയുന്നു.1958 ൽ തന്നെ കൃഷി വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം പരീക്ഷണാർഥം തെങ്ങ് കൃഷി ചെയ്ത് അദ്ഭുതകരമായ വിളവ് ഉണ്ടാക്കിയ ആളാണ് കേശവൻ നമ്പൂതിരിപ്പാട്. അച്ഛൻ്റെ വേർപാടിനു ശേഷം പത്താം ക്ലാസിനപ്പുറം പഠനം തുടരാൻ കഴിയാത്ത സാഹചര്യമുണ്ടായി. ജന്മി കുടുംബമാണെങ്കിലും വരുമാനമില്ലാത്ത അവസ്ഥയിൽ ദാരിദ്ര്യത്തിൻ്റെ യഥാർഥ മുഖം അനുഭവിക്കേണ്ടി വന്നു. ജീവിതം ചോദ്യചിഹ്നമായി മാറിയപ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങുന്നത്.

കേരള കാർഷിക സർവകലാശാലയുടെ സയൻ്റിഫിക് അഡ്വൈസറി ബോർഡ് അംഗീകാരം, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് പുരസ്കാരം, ഓയിസ്ക ഇൻ്റർനാഷനലിൻ്റെ പുരസ്കാരം, കൊളച്ചേരി ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ക്ഷീര വികസന വകുപ്പ് എന്നിവയുടെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം നമ്പൂതിരിപ്പാടിന് ലഭിച്ചിട്ടുണ്ട്. മണ്ണിൽ ജൈവ സർഗപ്രക്രിയയുമായി സദാ കർമ്മനിരതനായി നമ്പൂതിരിപ്പാട് കൊളച്ചേരിയിലുണ്ട്. ആർക്കും തന്നെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാനും സംശയ നിവാരണത്തിനും സന്നദ്ധമായ മനസ്സുമായി. മൂന്നാമത് കൊളച്ചേരി ഗ്രാമപ്രതിഭാ പുരസ്കാരം നൽകി കെ.എസ് & എ.സി ആ കർഷക ശ്രേഷ്ഠനെ ആദരിക്കുന്നു.

Previous Post Next Post