കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി.
ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ വെളിച്ച കുറവ് മൂലം നിർത്തി വെച്ചിരുന്നു. പാലത്തിന്റെ രണ്ട് ഭാഗത്തെ റോഡുകളിലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും തിരച്ചിലിന് തടസമായി. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.കണ്ണൂർ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനൻ, മയ്യിൽ ഇൻസ്‌പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി.