കണ്ണൂർ :- വാടകവീട് ഗോഡൗണാക്കി സൂക്ഷിച്ച രണ്ടര ലക്ഷം പേപ്പർ കപ്പ് ഉൾപ്പെടെയുള്ള നിരോധിത ഉൽപന്നങ്ങൾ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപമുള്ള ഷമീൽ ട്രേഡേഴ്സിന്റെ ഏളയാവൂരിലെ അനധികൃത ഗോഡൗണിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. എൻഫോഴ്സ്മെന്റ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ നിരോധിത പ്ലാസ്റ്റിക് ശേഖരമാണിത്. രണ്ടര ലക്ഷത്തിൽപരം പേപ്പർ കപ്പും നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത 1350 കിലോ കനംകുറഞ്ഞ പ്ലാസ്റ്റിക് കവറുകളുമാണ് കണ്ടെടുത്തത്. ജില്ലയിൽ വിതരണം ചെയ്യുന്ന നിരോധിത വസ്തുക്കളിൽ ഗണ്യമായ പങ്ക് ഷമീൽ ട്രേഡേഴ്സിൽ നിന്നാണെന്ന് ഫീൽഡ് തല വിവരങ്ങളിൽ നിന്ന് എൻഫോഴ്സ്മെന്റ് ടീം കണ്ടെത്തിയിരുന്നു. എളയാവൂരിലെ ഒഴിഞ്ഞ സ്ഥലത്തുള്ള ഈ പഴയ വീട് രണ്ടു മാസത്തോളമായി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ എണ്ണിത്തിട്ടപ്പെടുത്തി സീൽ ചെയ്തു. പിഴ ഈടാക്കി തുടർനടപടികൾ സ്വീകരിക്കാൻ ഇവ കണ്ണൂർ കോർപറേഷന് കൈമാറി.
പരിശോധനയ്ക്ക് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ അജയകുമാർ, ടീം അംഗം ഷെരികുൽ അൻസാർ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി അജിത്, ടൗൺ എസ്.ഐ വി.സജീവൻ എന്നിവർ നേതൃത്വം നൽകി. ശുചിത്വ മാലിന്യസംസ്ക്കരണ മേഖലയിലെ പരിശോധനകൾ തുടർന്നും കർശനമായി നടത്തുമെന്ന് സ്ക്വാഡ് ലീഡർ സുധീഷ് അറിയിച്ചു.