പള്ളിക്കുന്ന് :- പള്ളിക്കുന്ന് പൊടിക്കുണ്ടിൽ സ്‌കൂട്ടറിന് തീപ്പിടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കണ്ണാടിപ്പറമ്പിലെ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിനാണ് തീപിടിച്ചത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പൊടിക്കുണ്ടിൽ എത്തിയപ്പോൾ വാഹനം തനിയെ ഓഫാകുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറിലുണ്ടായിരുന്നവർ റോഡരികിലേക്ക് മാറിയപ്പോഴേക്കും സ്‌കൂട്ടറിന് തീപിടിച്ച് ആളിക്കത്തുകയായിരുന്നു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.