25 കോടിയുമായി തിരുവോണം ബമ്പർ ; ടിക്കറ്റ് പ്രകാശനം ചെയ്തു


തിരുവനന്തപുരം :- പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) സെക്രട്ടേറിയറ്റിൽ ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധനവകുപ്പു മന്ത്രി കെ.എൻ ബാല​ഗോപാൽ പ്രകാശനം ചെയ്തു.ജൂലൈ 31-ന് വിപുലമായ ചടങ്ങോടെ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന പ്രകാശന കർമ്മം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

സെക്രട്ടേറിയറ്റിൽ ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്, സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ എം.രാജ് കപൂർ(ഓപ്പറേഷൻസ്) ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.അനിൽ കുമാർ സെയിൽസ് ആന്റ് പ്രിന്റിം​ഗ് എന്നിവർ സന്നിഹിതരായി. 500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ നിരക്ക് . തിരുവോണം ബമ്പറിന്റെ (BR 99) രണ്ടാം സമ്മാനവും കോടികൾ തന്നെ. അത് 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മീഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി ഒറ്റ ബമ്പർ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികൾ. 

Previous Post Next Post