കണ്ണൂർ :- കോഴ്സ് പൂർത്തിയായാൽ സർട്ടിഫിക്കറ്റുകൾ യഥാസമയം അനുവദിക്കണമെന്നും കോളേജിലെ മറ്റ് തിരക്കുകൾ ചൂണ്ടിക്കാട്ടി പിഴവ് ന്യായീകരിക്കുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ്. കണ്ണൂർ പരിയാരം ഗവ.ആയുർവേദ കോളേജിനെതിരെയാണ് പരാമർശം. 2023 സെപ്റ്റംബറിൽ ബി.എ.എം എസ് കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഇന്റേൺഷിപ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
സർട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാൽ ജോലിക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചു. ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോളേജിൽ 2023-24 വർഷത്തെ ബി.എ.എം.എസ് പ്രവേശന തിരക്കായതുകൊണ്ടാണ് പരാതിക്കാരി ഉൾപ്പെടെയുള്ള 30 ഓളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം നേരിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് പരാതിക്കാരിക്ക് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം വന്നതിനാൽ നാട്ടിക ആയുർവേദ ആശുപത്രിയിൽ ലഭിക്കുമായിരുന്ന ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഡോ. അഞ്ജന.ബി രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.