കോഴിക്കോട് :- എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം. 26 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 29-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. എം.ടി. വാസുദേവൻ നായരും ഭാര്യ സരസ്വതിയും വീട്ടിൽ ഉണ്ടായിരുന്നില്ല.
ഇവർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അലമാര കുത്തിപ്പൊളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അലമാരയ്ക്ക് സമീപത്ത് സൂക്ഷിച്ച താക്കോൽ എടുത്ത് അലമാര തുറന്നായിരുന്നു മോഷണമെന്നാണ് വിവരം.