പത്തനംതിട്ട :- സർക്കാരിൻ്റെ ചികിത്സാ സൗകര്യങ്ങൾക്കു പുറമേ സന്നിധാനത്തും പമ്പയിലും അയ്യപ്പഭക്തരായ ഒരു സംഘം ഡോക്ടർമാരുടെ സൗജന്യസേവനവും ഇക്കുറി ലഭ്യമാകും. ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സ‌് കൂട്ടായ്മയാണ് സേവനമൊരുക്കുന്നത്. ഹൃദ്രോഗചികിത്സയ്ക്കുള്ള ആധുനിക സംവിധാനമാണ് ലക്ഷ്യമിടുന്നത്. സന്നിധാനത്ത് സർക്കാർ ആശുപത്രിക്കു സമീപം, മുൻപ് 'സഹാസ്' കാർഡിയോളജി ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരിക്കും സൗകര്യമൊരുക്കുക. പമ്പയിൽ പെട്രോൾ പമ്പിനടുത്ത് മുൻപ് അമൃത ആശുപത്രി പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗപ്പെടുത്തും. ഡിവോട്ടീസ് ഓഫ് ഡോക്ടേഴ്സിന് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 250 ഡോക്ടർമാരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഫങ്ഷണൽ ന്യൂറോ സർജനും തിരുവനന്തപുരം സ്വദേശിയുമായ ഡോ. രാം നാരായൺ ആണ് നേതൃത്വം നൽകുന്നത്. ഡോ. പ്രശോഭ് കുമാർ കോഡിനേറ്ററും. മകരവിളക്ക് കഴിയും വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളായിരിക്കും പമ്പയിലും സന്നിധാനത്തും. മൂന്നു ഡോക്ടർമാർ പമ്പയിലും മൂന്നുപേർ സന്നിധാനത്തുമുണ്ടാകും. ഡിഫിബ്രിലേറ്റർ, ഇ.സി.ജി മെഷീൻ, ഹാൻഡ് എക്കോ മെഷീൻ തുടങ്ങിയ ചികിത്സാ ഉപകരണങ്ങളുണ്ടാകും. പാലക്കാട് അവിറ്റീസ് ആശുപത്രിയും ഡോക്ടർമാരുടെ സംഘത്തോടു ചേർന്ന് പ്രവർത്തിക്കും.