കണ്ണൂർ :- കോർപ്പറേഷൻ പരിധിയിലെ ഓട്ടോ പ്രീപെയ്ഡ് നിരക്കും നഗരപരിധിയും പുനർനിശ്ചയിച്ച് ഒരുമാസത്തിനകം നടപ്പിലാക്കാൻ തീരുമാനിച്ചു. നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട സബ്കമ്മിറ്റി രൂപവത്കരിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെയും കോർപ്പറേഷൻ കൗൺസിലിന്റെയും അംഗീകാരത്തോടെയായിരിക്കും ഇക്കാര്യം തീരുമാനിക്കുക. കോർപ്പറേഷൻ തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ, പ്രസ് ക്ലബ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം. ഓട്ടോറിക്ഷ പാർക്കിങ്, കെ.സി നമ്പർ അനുവദിക്കൽ, പ്രീപെയ്‌ഡ് നിരക്ക് നിശ്ചയിക്കൽ എന്നിവ സംബന്ധിച്ചായിരുന്നു യോഗം.
ഓട്ടോ പാർക്കിങ് കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഓട്ടോ അധികചാർജ് സംബന്ധിച്ച് യോഗത്തിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിൽ മീറ്റർ ചാർജ് മാത്രമെ ഈടാക്കാൻ പാടുള്ളൂവെന്നും ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. കോർപ്പറേഷൻ പരിധിക്ക് പുറത്ത് പോകുമ്പോൾ മീറ്റർ ചാർജും പകുതിയും നിരക്കായി ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കെ.സി നമ്പർ വെരിഫിക്കേഷൻ നടത്തി ലിസ്റ്റ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിക്കും. ടി.പി (താത്കാലിക പെർമിറ്റ്) നമ്പർ ആർ.ടി.ഒ മുഖേന നൽകിയിട്ടില്ലെന്നും ആർ.ടി.ഒ വ്യക്തമാക്കി.