ഏകാദശിക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം


ഗുരുവായൂർ :- ഗുരുവായൂർ ഏകാദശിയുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങളുമായി ദേവസ്വം. ബുധനാഴ്ചയാണ് ഏകാദശി. ദർശനത്തിനുള്ള വരി ഇക്കുറി പൂന്താനം ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിക്കും. പ്രസാദ ഊട്ട് കഴിക്കാനും വരിനിൽക്കാനും ഇക്കുറി കൂടുതൽ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തെക്കേനടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയവും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളുമാണ് ഊട്ടുശാല. പ്രസാദ ഊട്ടിന് ചെറിയ കുപ്പിവെള്ളമാണ് നൽകാറ്. ഇക്കുറി സ്റ്റീൽ ഗ്ലാസുകളായിരിക്കും. 

ദർശനത്തിന് വരിയിൽ നിൽക്കുന്നവർക്കും സ്റ്റീൽ ഗ്ലാസുകളിൽ വെള്ളം നൽകും. കുടിവെള്ളം നൽകാൻ ക്ഷേത്രപരിസരത്ത് ഒൻപത് കൗണ്ടറുകളും തുറക്കും. ക്ഷേത്രകുളത്തിനു കിഴക്കുള്ള പൂതേരി ബംഗ്ലാവ് അങ്കണത്തിലും തെക്കേനടയിലെ ബഹുനില പാർക്കിങ് സമുച്ചയത്തിലുമായി 20- ഓളം ഇ-ടോയ്‌ലറ്റുകൾ സജ്ജീകരിക്കുന്നുണ്ട്. ഏകാദശി ദിവസം വരിയിൽ നിന്ന് തൊഴുന്നവർക്കായിരിക്കും മുഖ്യപരിഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.ക വിജയൻ പറഞ്ഞു. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി.ഐ.പികൾക്ക് പ്രത്യേക ദർശനം അനുവദിക്കില്ല.

ദശമി ദിവസമായ ചൊവ്വാഴ്ച രാവിലെ നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ വരെ തുടർച്ചയായ 54 മണിക്കൂർ ദർശനം ലഭിക്കും.

Previous Post Next Post