പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വേണ്ട ; തീരുമാനം കർശനമായി നടപ്പാക്കും


തിരുവനന്തപുരം :- എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസവകുപ്പ്. കാസർകോട് പത്താംക്ലാസ് യാത്രയയപ്പു ചടങ്ങിൽ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശ്ശേരിയിൽ സംഘർഷത്തിൽ പത്താംക്ലാസ് വിദ്യാർഥി മരിച്ചതും കണക്കിലെടുത്താണിത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും ഇതുസംബന്ധിച്ച് നിർദേശം അയക്കും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾ കർശനനിർദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് കുട്ടികൾ എത്തുന്നുണ്ടോയെന്ന് രക്ഷാകർത്താക്കളും ശ്രദ്ധിക്കണം. അവസാനപരീക്ഷ കഴിഞ്ഞാൽ കാംപസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കാനാണ് നിർദേശം.

Previous Post Next Post