വീട്ടുകാർ കല്യാണത്തിന് പോയി തിരികെയെത്തിയപ്പോൾ കണ്ടത് തുറന്നിട്ട വീട്, പരിയാരത്ത് വീട് കുത്തിതുറന്ന് പണവും മൊബൈലും കവർന്നു


പരിയാരം :- പരിയാരം കാരക്കുണ്ടിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. 23000 രൂപയും മൊബൈൽ ഫോണുമാണ് മോഷണം പോയത്. കാനാട്ടിലെ കെ പി ജോസഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടുടമസ്ഥരായ ജോസഫും ഭാര്യ ഷീജയും വീട് പൂട്ടി ശ്രീകണ്ഠാപുരത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയ ദിവസമാണ് മോഷണം നടന്നത്. 

രാവിലെ 8.30 നും വൈകീട്ട് 5.30 നും ഇടയിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 23000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരിയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടായിരുന്നു കവർച്ച. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

Previous Post Next Post