സ്കൂൾ കുട്ടികൾക്ക് പുതിയ മെനു ; ഭക്ഷണത്തിനുള്ള തുക വർധിപ്പിക്കണമെന്ന് അധ്യാപക സംഘടനകൾ


തിരുവനന്തപുരം :- സ്‌കൂൾ കുട്ടികൾക്കു പുതുക്കിയ മെനു അനുസരിച്ചു ഭക്ഷണം നൽകുന്നതിന് തുക വർധിപ്പിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകൾ. നിലവിലെ തുക പോലും കുടിശികയാക്കുകയും കോടതി ഇടപെടുമ്പോൾ മാത്രം മൂന്നും നാലും മാസത്തെ പണം അനുവദിക്കുകയും ചെയ്യുന്ന സർക്കാർ, ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂ‌ൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ എന്നിവർ ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണത്തിനു പ്രഥമാധ്യാപകർ പണം പിരിക്കാൻ ഇറങ്ങണമെന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കുകയാണ്, പണപ്പിരിവല്ല. 100 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ 2 പാചകത്തൊഴിലാളികളെ അനുവദിക്കണമെന്നും കെപിഎസ്‌ടിഎ ആവശ്യപ്പെട്ടു. 

പ്രഥമാധ്യാപകരെ സമ്മർദത്തിലാക്കുന്ന സർക്കാർ നടപടിയെ പ്രതിരോധിക്കുമെന്നു കെപിപിഎച്ച്എ സംസ്‌ഥാന സമിതി അറിയിച്ചു. 500 കുട്ടികൾക്കു മുകളിലുള്ള സ്‌കൂളുകളിൽ പാചകത്തൊഴിലാളിക്ക് ഒരു സഹായിയെയും അനുവദിക്കണം. പുതിയ മെനു നടപ്പാക്കണമെങ്കിൽ എൽപിക്ക് 12 രൂപ നിരക്കിലും യുപിക്ക് 14 രൂപ നിരക്കിലും തുക നൽകണമെന്നും കെപിപിഎച്ച്എ സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണ‌ പ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.

Previous Post Next Post