തിരുവനന്തപുരം :- പുതിയ അധ്യയന വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 24,396 കുട്ടികളാണ് ഇത്തവണ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 10 വരെ ക്ലാസുകളിൽ അധികമായെത്തിയത്. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം മുൻ വർഷത്തെക്കാൾ 16,510 കുറഞ്ഞെങ്കിലും 2 മുതൽ 10 വരെ ക്ലാസുകളിൽ 40,906 കുട്ടികൾ കൂടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
കഴിഞ്ഞ അധ്യയനവർഷം 31,37,593 കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലുണ്ടായിരുന്നത്. ഇത്തവണ അത് 31,61,989 ആയി. കഴിഞ്ഞ തവണ 2,50,986 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്ന സ്ഥാനത്ത് ഇത്തവണ 2,34,476 പേരായാണു കുറഞ്ഞിരിക്കുന്നത്. അതേസമയം 2 മുതൽ 10 വരെ ക്ലാസുകളിൽ കഴിഞ്ഞ തവണ 28,86,607 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 29,27,513 കുട്ടികളായി. സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും എത്ര വീതം കൂടിയെന്നതിന്റെ പ്രത്യേക കണക്ക് ലഭ്യമാക്കിയിട്ടില്ല. കേരള സിലബസിലുള്ള അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷം 47,862 കുട്ടികൾ പ്രവേശനം നേടിയ സ്ഥാനത്ത് ഇത്തവണ ഒരു കുട്ടി അധികമായെത്തി 47,863 ആയി.