മംഗളൂരു :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്താൻ ഒരു കിലോ തൂക്കം വരുന്ന സ്വർണമുഖം സമർപ്പിച്ച് വിശ്വാസി. ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണമുഖമാണു തുമക്കൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണ ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തി സമർപ്പിച്ചത്. സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിൽ മൂകാംബികാദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാനകാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു. പ്രത്യേക അവസരങ്ങളിലെ പൂജാവേളകളിൽ മുഖരൂപം ദേവിയുടെ വിഗ്രഹത്തിൽ ചാർത്തുമെന്നു മലയാളിയായ ക്ഷേത്രം ട്രസ്റ്റി പി.വി അഭിലാഷ് പറഞ്ഞു.