ന്യൂഡൽഹി :- ആയുർവേദ ബിരുദ പ്രോഗ്രാമിനു (ബിഎഎംഎസ്) ചേരാൻ ഇനി 12-ാം ക്ലാസിൽ 50% മാർക്ക് വേണ്ട. നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്‌റ്റം ഓഫ് മെഡിസിനാണ് (എൻസിഐഎസ്എം) പ്രവേശന മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്. ഈ വർഷത്തെ കൗൺസലിങ് നടപടികളിൽ ഇതു പ്രാബല്യത്തിൽ വരും. ഇതുവരെ ബിഎഎംഎസ് പ്രവേശനത്തിനു നീറ്റ്-യുജി യോഗ്യതയും 12-ാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 % മാർക്കും വേണമായിരുന്നു. എസ് സി , എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് ഇതു 40% മാർക്കായിരുന്നു.
പുതിയ വ്യവസ്ഥപ്രകാരം 12-ാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (അല്ലെങ്കിൽ ബയോടെക്നോളജി) എന്നീ വിഷയങ്ങളിൽ വിജയിച്ചാൽ മതി. നീറ്റ്-യുജി തന്നെയാകും അടിസ്ഥാന പ്രവേശന യോഗ്യത. മാനദണ്ഡങ്ങളിലെ മാറ്റം വ്യക്തമാക്കി കമ്മിഷൻ സെക്രട്ടറി സച്ചിദാനന്ദ് പ്രസാദ് സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കും കത്തയച്ചു. രാജ്യത്തെ 598 ആയുർവേദ മെഡിക്കൽ കോളജുകളിലായി നാൽപതിനായിരത്തിലേറെ ബിഎഎംഎസ് സീറ്റുകളുണ്ട്.