പെൻഷൻ മസ്റ്ററിങ്‌ പാതിവഴിയിൽ ; തീയതി നീട്ടണമെന്ന് ആവശ്യം


കണ്ണൂർ :- സംസ്ഥാനത്ത് പെൻഷൻ മസ്‌റ്ററിങ്ങിന് അനുവദിച്ച അവസാന തീയതി 24 ആയിരിക്കെ ഭൂരിഭാഗത്തിനും മസ്‌റ്ററിങ് നടത്താൻ കഴിഞ്ഞില്ല. ഇതിനാൽ തീയതി നീട്ടണമെന്ന ആവശ്യമുയർന്നു. അക്ഷയകേന്ദ്രങ്ങൾക്കാണ് മസ്‌റ്ററിങ്ങിന്റെ ചുമതല. രോഗികൾക്കും വയോജനങ്ങൾക്കും അക്ഷയ കേന്ദ്രം നടത്തുന്നവർ വീട്ടിലെത്തി മസ്‌റ്ററിങ് നടത്തും. 50 രൂപ ഇതിനായി ഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ മഴക്കാലമായത്കൊണ്ട് ഉൾനാടൻ പ്രദേശങ്ങളിലെത്തി മസ്‌റ്ററിങ് നടത്താൻ പലർക്കും കഴിഞ്ഞിട്ടില്ല. 

ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളുള്ളതും പ്രതിസന്ധിയാകുന്നുണ്ട്. ഇത്തരം സ്ഥലത്തെത്തി മസ്‌റ്ററിങ് നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്തുകളിൽ ഹാജരാക്കുകയാണ് വേണ്ടത്. പഞ്ചായത്ത് ഓഫിസുകളിൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ചേർക്കുന്ന തിരക്കാണ്. അതുകൊണ്ടുതന്നെ മിക്ക പഞ്ചായത്തുകളിലും മസ്റ്ററിങ് പാതിവഴിയിലാണ്. മസറിങ് തീയതി നീട്ടിയില്ലെങ്കിൽ ഭൂരിഭാഗത്തിനും സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്ത അവസ്ഥവരും. സെപ്റ്റംബർ 31 വരെയെങ്കിലും പെൻഷൻ മസ്‌റ്ററിങ് തീയതി നീട്ടണമെന്നാണ് ആവശ്യം.

Previous Post Next Post