തിരുവനന്തപുരം :- കെഎസ്ആർടിസി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെഎസ്ആർടിസിയുടെ എല്ലാ സേവനങ്ങളും ആധുനീകരണം നടത്തുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബസുകളാണ് നിരത്തിലിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി പുതുതായി വാങ്ങിയ ബസുകൾ യാത്രക്കാർക്കായി സെപ്റ്റംബർ 1 മുതൽ ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
130 കോടി രൂപയ്ക്കാണ് ബസുകൾ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എസി ബസുകളായിരിക്കും സർവീസ് നടത്തുക. ഓണക്കാലത്തെ ഈ സ്പെഷൽ സർവീസുകളിലൂടെ ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. കെഎസ്ആർടിസിയുടെ പുതിയ ബസുകൾ പരിചയപ്പെടുത്തുന്ന വാഹന എക്സ്പോ ഇന്ന് കനകക്കുന്നിൽ തുടങ്ങും. 24 വരെയാണ് എക്സ്പോ.