കണ്ണൂർ :- ഒരു മാസത്തോളം നീണ്ട തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. വൈകുന്നേരം 6 മണിക്ക് പരസ്യപ്രചാരണം സമാപിക്കും. കണ്ണൂർ നഗരത്തിൽ മൂന്നിടങ്ങളിലായാണു മുന്നണികളുടെ പരസ്യപ്രചാരണത്തിന്റെ സമാപനം. പ്രാദേശിക തലങ്ങളിലും പരസ്യ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള പരിപാടികളുണ്ടാകും.
കണ്ണൂർ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ വൈകുന്നേരം 5 മണിക്ക് തെക്കീബസാർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്തു നിന്നു പ്രകടനമായി പഴയ ബസ്സ്റ്റാൻഡിലെത്തും. നഗരത്തോടു ചേർന്ന 20 ഡിവിഷനുകളിലെ സ്ഥാനാർഥികളും പ്രവർത്തകരും പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന കലാശക്കൊട്ടിൽ അണിനിരക്കും. മറ്റിടങ്ങളിൽ അതതു ഡിവിഷൻ കേന്ദ്രീകരിച്ച് കലാശക്കൊട്ട് നടക്കും. കണ്ണൂർ നഗരത്തിൽ യുഡിഎഫ് പ്രവർത്തകർ വൈകുന്നേരം 5 മണിക്ക് കോർപറേഷൻ ഓഫിസ് കേന്ദ്രീകരിച്ചു പ്രകടനം ആരംഭിക്കും. സിറ്റിയിൽ സമാപിക്കും. ബിജെപിയുടെ റോഡ് ഷോ വൈകുന്നേരം 3.30 നു പ്രഭാത് ജംക്ഷനിൽ നിന്ന് ആരംഭിക്കും. 56 ഡിവിഷനിലെയും സ്‌ഥാനാർഥികൾ പങ്കെടുക്കും. മുനീശ്വരൻകോവിൽ പരിസരത്തു സമാപിക്കും.
