കോടിപ്പൊയിലിൽ അംഗൻവാടി അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

 


കോടിപ്പൊയിൽ :- കൊളച്ചേരി പഞ്ചായത്ത്‌ കോടിപ്പൊയിൽ വാർഡിൽ പുതുതായി അംഗൻവാടി അനുവദിക്കണമെന്ന് എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീധരൻ സംഘമിത്ര നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നിലവിൽ ഈ വാർഡിൽ ഒരു അംഗൻവാടിയുമില്ല. 400 ൽ കൂടുതൽ വീടുകളിലായി 2000 ൽപരം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികളിൽ പലർക്കും അംഗൻവാടിയിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടുന്നില്ല. കാവുംചാൽ, പള്ളിപ്പറമ്പ് അംഗൻ വാടിയിൽ എത്തിചേരാൻ യാത്രാ സൗകര്യം ഇല്ലാത്തതും കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടതിനാലും ഇത്‌ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. 

ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും, കൗമാരപ്രായക്കാരും, വയോജനങ്ങളും ഏറെയുള്ള പ്രദേശമായ കോടിപ്പൊയിലിൽ ഇവർക്കുള്ള പരിരക്ഷയും വേണ്ടപോലെ ലഭിക്കുന്നില്ല. അതിനാൽ കോടിപൊയിൽ പ്രദേശത്തെ ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യത്തെ പരിഗണിച്ച് ഈ പ്രദേശത്ത് അംഗൻവാടി അനുവദിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 

സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കാമെന്നും, സ്വന്തം കെട്ടിടം ആകുന്നത് വരെ അംഗൻവാടി പ്രവർത്തിക്കാൻ വേണ്ട താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും നിവേദനത്തിലുണ്ട്.



Previous Post Next Post