കൊച്ചി :- ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളും കണക്കുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച് ഹൈക്കോടതി. പരിപാടിയുടെ രേഖകൾ ഹാജരാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അയ്യപ്പ സംഗമത്തിന്റെ രേഖകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രേഖകളെല്ലാം വിജയൻ അസോസിയേറ്റ്സ് എന്ന സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിന് നൽകിയെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇതേത്തുടർന്ന്, വിജയൻ അസോസിയേറ്റ്സിനെ കേസിൽ കക്ഷിയാക്കിയ കോടതി, സ്വകാര്യ ഓഡിറ്റർക്ക് നൽകിയ എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കകം നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചു.
ദേവസ്വം ബോർഡ് നേരത്തെ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇനി കണക്കുകൾ പരിശോധിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നേരിട്ട് ഇടപെടുന്നത് ദേവസ്വം ബോർഡിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസ് പരിഗണിക്കുന്ന വ്യാഴാഴ്‌ചയ്ക്കകം എല്ലാ രേഖകളും കൈമാറാനാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വിജയൻ അസോസിയേറ്റ്സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ തുടർന്നുള്ള നടപടികൾ.
