കണ്ണൂർ :- തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് ടി.കെ ഗോവിന്ദൻ. മൂന്നുതവണ എംഎൽഎ ആയി, നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുക്കവേ എം.വി ഗോവിന്ദനോട് തന്നെ താൻ നേരിട്ടു പറഞ്ഞിരുന്നെന്ന് ടി.കെ ഗോവിന്ദൻ പറഞ്ഞു.
രണ്ട് ടേം ആയാൽ പിന്നെ മത്സരിക്കാൻ പാടില്ലെന്നാണ് പാർട്ടി നയം. മൂന്ന് ടേം എംഎൽഎ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അർഥമെന്താണ്, നാലാമതും താൻ ആയിരിക്കണം. പക്ഷേ ഇപ്പോൾ സെക്രട്ടറി ആയതിനാൽ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎൽഎ ആക്കാൻ ശ്രമം നടക്കുന്നു. താൻ അതിനെ എതിർത്തു - എം.വി ഗോവിന്ദനെ ഉന്നമിട്ട് ടി.കെ ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അതിരൂക്ഷ വിമർശനമാണ് ടി.കെ ഗോവിന്ദൻ ഉന്നയിച്ചത്.
'പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകൾ ഇപ്പോൾ കാണുകയാണ്. അതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ചില കാര്യങ്ങളിൽ ശക്തമായി വിമർശനം നടത്തിയിട്ടുണ്ട്. അതിന്റെ ദോഷവുമുണ്ടായിട്ടുണ്ട്. ദോഷവും ഗുണവുമൊന്നും നോക്കിയിട്ടല്ല ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം വന്നപ്പോൾ, പാർട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത ഒരു മൊറാലിറ്റിക്കും ചേരാത്ത തീരുമാനമാണ് വന്നത്'.
രാഷ്ട്രീയത്തിലേക്ക് വന്നതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊണ്ടായിരുന്നു ടി.കെ. ഗോവിന്ദന്റെ വാർത്താസമ്മേളനം ആരംഭിച്ചത്. താൻ അറുപതുവർഷമായി പാർട്ടി പ്രവർത്തനം തുടങ്ങിയിട്ട്. പലർക്കും തോന്നുന്നുണ്ടാവും താൻ ഇങ്ങനൊരു നിലപാട് സ്വീകരിക്കുമോ എന്ന്. കെഎസ്എഫിൽനിന്നാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പികെ ശ്രീമതിക്കുമൊക്കെ ഒപ്പം ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചതാണ്. പിന്നീട് അധ്യാപകനായി. 25-ാം വയസ്സിൽ കെഎസൈ്വഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായി.
രാഷ്ട്രീയപ്രവർത്തനം നടത്താൻ ആരും മുതിരാത്ത അടിയന്തരാവസ്ഥാകാലത്താണ് കെഎസ് വൈഎഫ് നേതൃത്വത്തിലെത്തിയത്. പിന്നീട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ എംവി ഗോവിന്ദനൊപ്പം അംഗമായി. ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി രൂപവത്കരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി. വീട്ടിൽനിന്ന് 8-9 കിലോമീറ്റർ നടന്നാണ് ശ്രീകണ്ഠാപുരത്ത് എത്തിയിരുന്നത്. പിൽക്കാലത്ത് പാർട്ടി ശക്തിപ്പെട്ടു. അധ്യാപകജോലിയിൽ തിരിച്ചുകയറിയപ്പോൾ വേറെ ആളുകൾ ഏരിയാ സെക്രട്ടറിമാരായി. പിന്നീട് വീണ്ടും ഏരിയാ കമ്മിറ്റി സെക്രട്ടറിയായി. 20 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. മയ്യിൽ ഏരിയാകമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 25 കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
