ദില്ലി - മുംബൈ എക്‌സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് മരണം


ജയ്‌പൂർ :- ദില്ലി - മുംബൈ എക്‌സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് മരണം. രാജസ്ഥാനിലെ അൽവാറിലാണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

അഗ്നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രിയങ്ക രഘുവംശി പറഞ്ഞു. സിഎൻജി വാഹനമായതിനാൽ തീ വേഗത്തിൽ പടർന്നു. പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം യാത്രക്കാർ ഉള്ളിൽ അകപ്പെട്ടു. വാഹനത്തിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തതെന്നും തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. 

എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി ജയരിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Previous Post Next Post