കണ്ണൂർ :- വിവിധ ദലിത് - ആദിവാസി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിതിൻ രാജിൻ്റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റുചെയ്യുക, മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 28-ൻ്റെ കേരള ഹർത്താൽ. പഴയ ബസ് സ്‌റ്റാൻ്റിൽ നടന്ന ഐക്യദാർഢ്യ പൊതുയോഗം നിതിൻ രാജ് ആക്ഷൻ കൗൺസിൽ കണ്ണൂർ ജില്ലാ ചെയർമാനും പ്രമുഖ ആക്റ്റിവിസ്റ്റുമായ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
'സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവരുടേതും കൂടി എന്ന നിലയിലാണ് സ്വതന്ത്ര ഇന്ത്യ വിഭാവനംചെയ്യപ്പെട്ടത്. സംവരണമുൾപ്പെടെയുള്ള പരിരക്ഷകൾ നിലവിൽ വന്നത് അങ്ങനെയാണ്. എന്നാലിന്ന് ദരിദ്രനായ ഒരു പിന്നോക്കക്കാരൻ സംവരണത്തിലൂടെ ഉന്നതവിദ്യാഭ്യാസത്തിന് എത്തിയതിൻ്റെ പേരിൽ അദ്ധ്യാപകരാൽ അവഹേളിക്കപ്പെടും വിധം സാഹചര്യം മാറിയിരിക്കുന്നു'വെന്നും ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു.
എസ്. യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി കെ.കെ സുരേന്ദ്രൻ അധ്യക്ഷനായി. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ.പി സജി, അനൂപ് ജോൺ, അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ പ്രസിഡൻ്റ് മേരി എബ്രഹാം, രശ്മി രവി, എം.കെ ഷഹസാദ്, ബാബുരാജൻ.കെ എന്നിവർ സംസാരിച്ചു.
