പയ്യന്നൂർ :- മഴക്കാലത്ത് പാളം പരിശോധിക്കാൻ ജൂൺ ഒന്നു മുതൽ റെയിൽവേ മൺസൂൺ പട്രോളിങ് നടത്തും. പെർമനന്റ് വേ വിഭാഗം ഇതിനായി കീമാൻ, ട്രാക്ക്‌മാൻമാരെ സജ്ജീകരിച്ചു. ട്രാക്ക് മാൻമാർക്കൊപ്പം കരാർ തൊഴിലാളികളെ സഹായികളാക്കിയാണ് ഇത്തവണയും പരിശോധന നടത്തുന്നത്. കേരളത്തിൽ രണ്ട് ഡിവിഷനുകളിലായി 752-ലധികം ട്രാക്ക്മാൻമാരുടെ (ട്രാക്ക് മെയിൻ്റനർ) ഒഴിവ് നികത്താതെ കിടക്കുമ്പോഴാണ് ഈ നിയമനം.
മഴക്കാല അപകടസാധ്യത കണക്കിലെടുത്ത് പാളത്തിലെ തകരാർ കണ്ടെത്തി പരിഹരിക്കുകയോ അടിയന്തരവിവരം നൽകുകയോ ചെയ്യുക എന്നതാണ് മൺസൂൺ പട്രോളിങ്ങിന്റെ പ്രധാന ലക്ഷ്യം. പുഴകളിലെ ജലനിരപ്പ് നിരീക്ഷിക്കൽ, പാലത്തിൻ്റെ അപകടവിതാനം വിലയിരുത്തൽ, ചാഞ്ഞ മരങ്ങൾ മുറിക്കൽ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികളെയാണ് പാളം പരിശോധനയ്ക്ക് സഹായികളായി നിയമിക്കുന്ന തെന്ന ആക്ഷേപം യൂണിയനുകൾ നേരത്തേ ഉയർത്തിയിരുന്നു. വിവിധ സെക്ഷനുകളിൽ കരാർ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നാണ് റെയിൽവേ പറയുന്നത്.
കൊങ്കൺപാതയിലും മൺസൂൺ പട്രോളിങ്ങിന് സജ്ജീകരണം തുടങ്ങി. സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൊങ്കണിലൂടെയുള്ള തീവണ്ടികളുടെ സമയം ജൂൺ 15 മുതൽ മാറും. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്ററിലോടുന്ന വണ്ടികളുടെ വേഗം 75 വരെയായി കുറയും. മഴ കനത്താൽ 40 കിലോമീറ്ററായി നിയന്ത്രിക്കും. അതിനാൽ കേരളത്തിൽ നിന്ന് കൊങ്കൺപാതയിലൂടെയുള്ള വണ്ടികൾ നേരത്തേ പുറപ്പെടും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ യാണ് മൺസൂൺ ടൈംടേബിൾ. ദിവസവണ്ടികളായ മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമായിരിക്കും.
