വിദേശനാണ്യശേഖരം കുറയുന്നത് തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഗവർണറുമായി സർക്കാർ ചർച്ചകൾ നടത്തി. വിദേശനാണ്യശേഖരം കുറയാതിരിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിന്റെ ഭാഗമായി ആർബിഐ ഗവർണ്ണറുടെ ഉപദേശം കേന്ദ്ര സർക്കാർ തേടി. പ്രധാനമായും സ്വർണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് റിപ്പോർട്ടുകൾ * സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്വർണ്ണ ഇറക്കുമതിക്കായി ചെലവായ വിദേശനാണ്യം 7200 കോടി ഡോളറായി ഉയർന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തോടായി ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാരിൻ്റെ നിസ്സഹായതയല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നുമാണ് ബിജെപി ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ധനവില വർദ്ധിച്ചേക്കുമെന്ന സൂചനകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയം ഗൗരവമായി ചർച്ച ചെയ്യും.
