കാഞ്ഞങ്ങാട് :- ഒന്നരമാസത്തിനിടെ കേരള ഭാഗ്യക്കുറിയിൽ ബാക്കിയായത് 150 കോടി രൂപയുടെ ടിക്കറ്റുകൾ. ഒരുദിവസം രണ്ടരക്കോടി രൂപ മുതൽ 5 കോടി രൂപ വരെയുള്ള ടിക്കറ്റുകളാണ് ബാക്കിയാകുന്നത്. പ്രതിദിനം 5 മുതൽ 10 ലക്ഷം വരെ ടിക്കറ്റുകൾ ബാക്കിയാകുകയാണ്. ഇത്രയധികം ടിക്കറ്റുകൾ ഭാഗ്യക്കുറി വകുപ്പിൽ ബാക്കിയാകുന്നുവെന്നതിനെക്കാൾ കഷ്ടം വില്പനക്കുറവ് ഏജന്റുമാരെയും ചില്ലറ വിൽപ്പനക്കാരെയും ബാധിക്കുന്നുവെന്നതാണ്. മൊത്തവിതരണ ഏജന്റുമാർ മുതൽ നടന്നുവിൽക്കുന്നവർക്ക് വരെ ഓരോ ദിവസവും ടിക്കറ്റുകൾ ബാക്കിയാണ്. ഏപ്രിൽ രണ്ടാംവാരം മുതലാണ് ടിക്കറ്റുകൾ ബാക്കിയാകാൻ തുടങ്ങിയത്. കാൽലക്ഷത്തിലും അരലക്ഷ ത്തിലുമൊക്കെ തുടങ്ങി പതിയെ ഓരോ ദിവസവും കൂടിവരാൻ തുടങ്ങി.
ഇതര സംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പ് കാലത്ത് തമിഴ്‌നാട്ടിലേക്കടക്കം പോയതാണ് വില്പനക്കുറവിൻ്റെ കാരണമായി അന്ന് പറഞ്ഞിരുന്നത്. തൊഴിലാളികളെല്ലാം തിരിച്ചെത്തിയിട്ടും വില്പന കൂടിയില്ലെന്ന് മാത്രമല്ല, ബാക്കിയാകുന്ന ടിക്കറ്റ് കൂടുകയും ചെയ്തു. കാലവർഷം തുടങ്ങിയതാണ് വില്പനക്കുറവിന്റെ കാരണമായി ഇപ്പോൾ പറയുന്നത്. എന്നാൽ കഴിഞ്ഞവർഷം ഇതിനേക്കാൾ കനപ്പെട്ട ഇടവപ്പാതിയിൽ പോലും ഇത്രയധികം വില്പനക്കുറവ് കേരള ഭാഗ്യക്കുറി ടിക്കറ്റിൽ ഉണ്ടായിട്ടില്ല. പ്രതിദിന ലോട്ടറി ടിക്കറ്റിൻ്റെ വില്പന കുത്തനെ കുറയുന്നതിനിടയിലും വിഷു ബംബർ റെക്കോഡ് വില്പന നടത്തുകയും ചെയ്തു. 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് മുഴുവനും വിറ്റു. പ്രതിദിന ലോട്ടറി ടിക്കറ്റിൽ ഞായറാഴ്ചത്തെ 'സമൃദ്ധി'യാണ് ബാക്കിയാകുന്നതിൽ കൂടുതലും. 10,000-ത്തിലേറെ ടിക്കറ്റുകൾ ബാക്കിയായ ആഴ്ചയുണ്ട്.
ഓരോ ദിവസവും 1.08 കോടി ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിക്കുന്നത്. കിട്ടുന്ന ടിക്കറ്റിൻ്റെ ക്വാട്ട കുറയാതിരിക്കാൻ മൊത്തവിതരണ ഏജൻറുമാർ അവർക്ക് നിശ്ചയിച്ച ക്വാട്ടയിൽ എത്രയാണോ ടിക്കറ്റ് അത് മുഴുവൻ എടുക്കുന്നു. അവരാകട്ടെ, നിർബന്ധിച്ച് ചില്ലറ വില്പനക്കാർക്കും കൂടുതൽ ടിക്കറ്റുകൾ കൈമാറുന്നു. രാവന്തിയോളം റോഡിലിറങ്ങി നടന്നും മറ്റും വില്പന നടത്തിയിട്ടും ഒടുവിൽ ടിക്കറ്റുകൾ ബാക്കിയാകുന്നുവെന്നും ഇത് വലിയ ബുദ്ധിമുട്ടാണെന്നും ഏജന്റുമാർ പറയുന്നു. മുൻകാലങ്ങളിൽ ടിക്കറ്റ് വില്പന കുറയുമ്പോൾ സർക്കാർ അച്ചടിയിലും കുറവ് വരുത്തുമായിരുന്നു. വില്പനയിലൊരു മുറുക്കമുണ്ടാക്കിയാൽ മാത്രമേ പതിയെ അത് കൂടുകയുള്ളൂവെന്നും യഥേഷ്ടം ബാക്കിയാകുന്നതിനാലാണ് വില്പന കൂടാത്തതെന്നുമാണ് മൊത്തവിതരണ ഏജൻ്റുമാരുടെ അഭിപ്രായം. പുതിയ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കേരള ഭാഗ്യക്കുറിയിൽ സമഗ്രമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവർ.
