ന്യൂഡൽഹി :- പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മൊബൈൽ ഫോണുകളിലേക്ക് തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് സേവനം രാജ്യത്ത് താൽക്കാലികമായി നിർത്തിവെച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരു മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ തീരുമാനമെന്നും അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഈ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബാധിത പ്രദേശങ്ങളിലെ മൊബൈൽ ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ ഉപയോഗിക്കുന്ന അതീവ നിർണായകമായ പൊതു സുരക്ഷാ സംവിധാനമാണ് ഇതോടെ താൽക്കാലികമായി നിശ്ചലമായിരിക്കുന്നത്.
ഈ അടിയന്തര നിരോധനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എങ്കിലും, ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് ഈ സംവിധാനത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ലഭിക്കുന്ന സൂചനകൾ. സാധാരണ മൊബൈൽ നെറ്റ‌്വർക്കുകളെയോ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെയോ ആശ്രയിക്കാതെ തന്നെ, കനത്ത നെറ്റ‌്വർക്ക് തിരക്കിലും ഒരേസമയം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായി വിവരങ്ങൾ എത്തിക്കാൻ കഴിയുന്ന സുരക്ഷിതമായ സംവിധാനമാണിത്. സിസ്റ്റത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം സേവനം പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ എൻഡിഎംഎ പിന്നീട് അറിയിക്കും.
ഈ വർഷം മെയ് മാസത്തിലാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യവ്യാപകമായി ഈ സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം (സിബിഎസ്) ഉദ്ഘാടനം ചെയ്‌തത്. ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷം പ്രതികരിക്കുന്ന പഴയ രീതിയിൽ നിന്ന് മാറി, മുൻകൂട്ടി കൃത്യമായ വിവരങ്ങൾ നൽകി ജനങ്ങളെ സംരക്ഷിക്കുന്ന ഒരു പുരോഗമനപരമായ ചുവടുവെപ്പായാണ് കേന്ദ്ര സർക്കാർ ഈ തദ്ദേശീയ സാങ്കേതികവിദ്യയെ അവതരിപ്പിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള സെൻ്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), എൻഡിഎംഎ, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്നാണ് ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചെടുത്തത്. മൊബൈൽ സ്ക്രീനുകളിൽ വലിയ ശബ്ദത്തോടെയുള്ള പോപ്പ്-അപ്പ് നോട്ടിഫിക്കേഷനായാണ് ഈ സന്ദേശങ്ങൾ വന്നിരുന്നത്. ചില ഫോണുകളിൽ ഇത് ശബ്ദരൂപത്തിൽ വായിച്ചു കേൾപ്പിക്കാനും സൗകര്യമുണ്ടായിരുന്നു. ദുരന്ത നിവാരണ രംഗത്ത് വലിയ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ച ഈ തദ്ദേശീയ സംവിധാനമാണ് ഇപ്പോൾ അപ്രതീക്ഷിതമായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
