കുറ്റ്യാട്ടൂർ: -എല്ലാ വാർഡുകളിലും മെമ്പർ ഓഫിസുകൾ വരുന്നു എല്ലാ വാർഡുകളിലും മെമ്പർമാരുടെ ഓഫിസുള്ള ആദ്യ പഞ്ചായത്തെന്ന അപൂർവ നേട്ടത്തിലേക്ക് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ ഇതിനോടകം 15 വാർഡുകളിലും ഓഫിസുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ആഗസ്റ്റ് രണ്ടിന് ഞായറാഴ്ചയോടെ ശേഷിക്കുന്ന വാർഡുകളിലും ഓഫിസുകൾ തുറക്കുന്നതോടെ പഞ്ചായത്ത് ഈ ചരിത്രനേട്ടം സ്വന്തമാക്കും.
പൊതുജനങ്ങൾക്കു മെമ്പർമാരുമായി നേരിട്ട് ആശയവിനിമയം നടത്താനും പരാതികളും അപേക്ഷകളും സമർപ്പിക്കാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് ഈ ഓഫിസുകളിൽ മെമ്പറുടെ സേവനം നിർബന്ധമായും ലഭ്യമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി മൂന്നാം വാർഡ് മെമ്പർ കെ. അച്യുതന്റെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം കോയ്യോട്ടുമൂല കെ.പി. മോഹനൻ പീടികയിലെ സാഗര സ്വയം സഹായ സംഘം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ, കെ.പി. മോഹനൻ, വാർഡ് വികസന കൺവീനർ പി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
