'കള്ളക്കച്ചവടം തടഞ്ഞതാണ് അക്ഷരവിരോധമെങ്കിൽ അത് തുടരും' - ദേശാഭിമാനി പത്രവിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് നാറാത്ത് ഭരണസമിതിയുടെ വിശദീകരണം


നാറാത്ത് :- വായനശാലകളിലെ പത്രവിതരണവുമായി ബന്ധപ്പെട്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന 'രാഷ്ട്രീയ പ്രചാരണം' അവസാനിപ്പിക്കാനാണ് നടപടി സ്വീകരിച്ചതെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യക്തമാക്കി. സ്പോൺസർഷിപ്പിലൂടെ പത്രം വിതരണം ചെയ്യുന്നു എന്ന് പറയുകയും പിന്നീട് ആ തുക പഞ്ചായത്തിന്റെ കണക്കിൽപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് നടക്കുന്നത്. കണ്ണാടിപ്പറമ്പ് സ്കൂളിൽ പത്രം നൽകിയ വകയിൽ 24,000 രൂപ ആവശ്യപ്പെട്ട് കത്ത് വന്നപ്പോഴാണ് ഈ തട്ടിപ്പ് ഭരണസമിതി ശ്രദ്ധിച്ചത്. 

സംഭവത്തിൽ ഭരണസമിതിയുടെ പ്രതികരണം ഇങ്ങനെ 

സ്പോൺസർമാരെ കണ്ടെത്തി പത്രം നൽകിയ ശേഷം എന്തിനാണ് പഞ്ചായത്തിന്റെ ചുമലിൽ ഈ ഭാരം അടിച്ചേൽപ്പിക്കുന്നത്? പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി പത്രത്തിന്റെ പ്രചാരണം നടത്തുന്നതിനെയാണ് എതിർക്കുന്നത്. 15 വർഷമായി ഒരു വീക്ഷണം, രണ്ട് ചന്ദ്രിക എന്ന രീതിയിലാണ് പത്രവിതരണം നടക്കുന്നത്. ഈ സ്ഥിതിയിൽ മാറ്റം വരണം. രേഖകളിൽ ഉണ്ടെങ്കിലും പഞ്ചായത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത പല സ്ഥാപനങ്ങൾക്കും ഇപ്പോഴും പഞ്ചായത്ത് ഫണ്ടിൽ പത്രം നൽകുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകൾ തടയുക എന്നത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്.

അക്ഷര സ്നേഹികൾ ആദ്യം പരിശോധിക്കേണ്ടത് നാറാത്ത് ബസാറിലെ വായനശാലയുടെ പുസ്തകങ്ങളും അലമാരകളും എവിടെപ്പോയി എന്നാണ്. കഴിഞ്ഞ 15 വർഷമായി ഇതിന് ഉത്തരം നൽകാൻ ആരും തയ്യാറായിട്ടില്ല. ഈ ആസ്തികൾ കണ്ടെത്തി ലൈബ്രറേറിയനെ നിയമിച്ചുകൊണ്ട് ലൈബ്രറികളെ സാംസ്കാരികമായി ശക്തിപ്പെടുത്താനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. "സ്വന്തം പത്രത്തോടും അച്ചടിശാലയോടും മാത്രം അക്ഷരസ്നേഹം കാണിക്കുന്നവർക്ക് പണം മുടങ്ങുമ്പോൾ അത് അക്ഷരവിരോധമായി തോന്നുന്നത് സ്വാഭാവികം. എന്നാൽ ഉദരനിമിത്തമുള്ള ഈ 'സ്നേഹം' തടയാൻ തന്നെയാണ് ഭരണസമിതിയുടെ തീരുമാനം" - പ്രസിഡന്റും വൈസ് പ്രസിഡന്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു

Previous Post Next Post