കൊളച്ചേരി :- ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം വേറിട്ട അനുഭവമായി. മാങ്ങാട് എൽ പി സ്കൂൾ പ്രഥമാധ്യാപകനും ജില്ലാ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് അംഗവും ആയിരുന്ന ഇപ്പോൾ കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി. ദിലീപ് കുമാർ ആണ് ഉദ്ഘാടനത്തിനായി എത്തിയത്. അദ്ദേഹം കുട്ടികളെ സാങ്കല്പികമായി ഒരു ട്രെയിനിൽ കയറ്റി യാത്ര തുടങ്ങി.പോകുന്നതിനു മുമ്പ് നാലാം ക്ലാസിലെ ദക്ഷിത്തിനെയും സനയിനെയും ലീഡർമാരായി നിശ്ചയിച്ചു.നീലഗിരിയിലുള്ള ബസവ എന്ന കുട്ടിയെ കാണാനാണ് യാത്ര. യാത്രയ്ക്കിടയിൽ ചുറ്റുപാടും കാണുന്ന കാഴ്ചകൾ മാഷ് വിവരിച്ചു കൊടുത്തു. കണ്ണുണ്ടായാൽ പോരാ കാണണം.നമ്മുടെ ചുറ്റുപാട് അത്രയേറെ കാഴ്ചകൾ നിറഞ്ഞതാണെന്ന് മാഷ് പറഞ്ഞു. അതിനിടയിൽ പി. മധുസൂദനന്റെ എത്ര കിളിയുടെ പാട്ട് അറിയാം എന്ന കവിത മനോഹരമായി കുട്ടികളോടൊത്തു പാടി. എത്ര കിളിയുടെ പേരറിയാം, എത്ര മരത്തിൻ തണലറിയാം, എത്ര പഴത്തിൻ രുചിയറിയാം, എത്ര പുഴയുടെ കുളിരറിയാം ഇങ്ങനെ കുട്ടികളിൽ ചിന്തയുണർത്തുന്ന ചോദ്യമുയർത്തി. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഷയേതാ എന്ന് ചോദിച്ചപ്പോൾ കുട്ടികൾ ഒറ്റ സ്വരത്തിൽ പറഞ്ഞു. മലയാളം'.മലയാളം കാണാൻ വായോ മാമലകൾ കാണാൻ വായോ. മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാൻ വായോ'. എന്നു പാടിയപ്പോൾ കുട്ടികൾ മയിലിനെപ്പോലെ നൃത്തം ചെയ്തു.അങ്ങനെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ദൂരെ ഒരു ആന കുളിക്കുന്ന കാഴ്ച കാട്ടിത്തന്നു. നിങ്ങൾ ആനപ്പൂട എന്ന് കേട്ടിട്ടുണ്ടോ? ബഷീറിൻറെ ഒരു കഥയാണെന്ന് ഒരു കുട്ടി. ആ കഥ മാഷ് രസകരമായി പറഞ്ഞപ്പോൾ കുട്ടികൾ ആർത്തു ചിരിച്ചു. ബഷീർ ഗാന്ധിയെ തൊട്ട സംഭവത്തിലേക്കാണ് പിന്നീടെത്തിയത്. ഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിനിടെ ആൾക്കൂട്ടത്തിനിടയിലൂടെ പോയി ഗാന്ധിജിയെ തൊട്ടതും അത് ഉമ്മയോട് പോയി പറഞ്ഞതുമായ കാര്യം പറഞ്ഞപ്പോൾ കുട്ടികളുടെ കണ്ണുകൾ അദ്‌ഭുതം കൊണ്ടു വിടർന്നു. ഈ സംഭവത്തെക്കുറിച്ച് കവി അൻവർ അലി എഴുതിയ' ഗാന്ധിത്തൊടൽ മാല 'എന്ന കവിതയിലെ 'തൊട്ടു ഞാനുമ്മാ ഗാന്ധിയെ തൊട്ടു ഞാനുമ്മാ പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ' എന്ന വരികൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികളുമായുള്ള വിനിമയങ്ങൾക്കിടയിൽ സ്കൂളിലെ മികച്ച പാട്ടുകാരിയെ മാഷ് കണ്ടു പിടിച്ചു. രണ്ടാം ക്ലാസിലെ അൻഷിയ. 'കദളി കൺകദളി ചെങ്കദളി പൂ വേണോ' എന്ന പാട്ട് അൻഷിയ പാടിയപ്പോൾ കുട്ടികൾ താളം പിടിച്ചു. ഇത്ര നല്ലൊരു പാട്ടുകാരി ഉണ്ടായിട്ട് ഉദ്ഘാടനത്തിന് എന്നെ എന്തിന് വിളിച്ചു എന്നു പറഞ്ഞ് അൻഷിയയെക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്യിച്ചു. പഞ്ചേന്ദ്രിയാനുഭവങ്ങളെക്കുറിച്ച് പ്രശസ്ത കവി ചെമ്മനം ചാക്കോയുടെ ' മാനത്തിൽ ചന്ദ്രനുണ്ടെന്ന് ചൊന്നതാരെൻ്റെ കൺമണീ. ആരും ചൊല്ലിയതല്ലല്ലോ കണ്ണാൽ ഞാൻ കണ്ടതല്ലയോ.'എന്നു തുടങ്ങുന്ന കവിതയും ചൊല്ലി ഒടുവിൽ വണ്ടി നീലഗിരിയിലെത്തുന്നു. നേരെ ബസവയുടെ വീട്ടിലേക്ക്. വളരെ പ്രശസ്തയായ ബാലസാഹിത്യകാരി രാധിക ചഡ്ഡയുടെ 'ബസവയും തീപ്പുള്ളികളും' എന്ന കഥയിലെ കഥാപാത്രമാണ് ബസവ .ഒരു ദരിദ്ര കുടുംബത്തിലെ കുട്ടിയാണ്.അവനും അമ്മയും മാത്രം. കാട്ടിൽ പോയി വിറക് ശേഖരിച്ചാണ് അവൻ അമ്മയെ സഹായിച്ചിരുന്നത്. ഒരു ദിവസം കാട്ടിൽ പോയി വിറകും ശേഖരിച്ച് മടങ്ങുമ്പോൾ രക്ഷിക്കണേ എന്ന ശബ്ദം കേൾക്കുന്നു. ഒരു പൂമ്പാറ്റയാണ് ഇങ്ങനെ അപേക്ഷിക്കുന്നത്. പൂമ്പാറ്റ ഒരു ചിലന്തിവലയിൽ കുടുങ്ങിയിരുന്നു.അവൻ പൂമ്പാറ്റയെ വലയിൽ നിന്നും.രക്ഷിക്കുന്നു.ഞാൻ നിന്നോട് എന്നും കടപ്പെട്ടവനായിരിക്കും എന്ന് പൂമ്പാറ്റ നന്ദി പറയുന്നു.മറ്റൊരു ദിവസം വെള്ളത്തിൽ വീണ ഒരു തുമ്പിയെയും ബസവ രക്ഷിക്കുന്നു. ഇതിന് പ്രത്യുപകാരം എപ്പോഴെങ്കിലും ചെയ്യുമെന്ന് തുമ്പി പറയുന്നു. ഒരു ദിവസം വിറകു ശേഖരിച്ച് മടങ്ങാൻ വൈകി.നേരം ഇരുട്ടായി . അവന് വീട്ടിലേക്കുള്ള വഴി മനസ്സിലാകുന്നില്ല രക്ഷിക്കണേ എന്ന് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.അതുകേട്ട് ശലഭവും തുമ്പിയും പറന്നെത്തുന്നു. കാര്യം മനസ്സിലാക്കിയ അവർ അവരുടെ കൂട്ടുകാരനായ ഒരു മിന്നാമിനുങ്ങിനെ വിളിച്ചു കൊണ്ടുവരുന്നു.ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചത്തിൽ വഴി വ്യക്തമാവില്ല.എന്ന് മനസ്സിലായി മിന്നാമിനുങ്ങ് ആ കാട്ടിലുള്ള മിന്നാമിനുങ്ങുകളുടെ കൂട്ടത്തെ വിളിച്ചു വരുത്തുന്നു.അങ്ങനെ മിന്നാമിനുങ്ങുകളുടെ പ്രകാശത്തിൽബസവ വീടണയുന്നു.പരസ്പര സഹകരണത്തിന്റെ സ്നേഹത്തിൻറെയും സന്ദേശം പകരുന്ന ഈ കഥ ട്രെയിൻ യാത്രയുടെ അവസാനം പറഞ്ഞു നിർത്തി മാഷ് കുട്ടികളെയും കൊണ്ട് തിരിച്ച് സ്കൂളിൽ എത്തുന്നു.എങ്ങനെ ഒരു ശിശു സൗഹൃദ ക്ലാസ് കൈകാര്യം ചെയ്യാമെന്നും ഉദ്‌ഗ്രഥിത പഠന രീതി എങ്ങനെ പ്രായോഗികമാക്കാം എന്നും തെളിയിക്കുന്ന ഒരു ഉദ്ഘാടന പരിപാടിയായിരുന്നു നടന്നത്. പ്രീ പ്രൈമറി മുതലുള്ള കുട്ടികളെ അതിൽ പങ്കാളികളാക്കിക്കൊണ്ട് നടന്ന അവതരണം കുട്ടികൾക്ക് ഏറെ ആനന്ദം പകരുന്ന ഒന്നായിരുന്നു.
പി. ടി. എപ്രസിഡൻറ് ടി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.എസ് എസ് ജി വൈസ് ചെയർമാൻ കെ.വി ശങ്കരൻ ആശംസ പ്രസംഗം നടത്തി.വായനാവാരത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെയും അലിഫ് അറബി പരീക്ഷയുടെയും സമ്മാനങ്ങൾ വിതരണം ചെയ്തു. അക്ഷരദീപം വായനശാല പ്രസിഡൻ്റ് ദിയാന എ.പി റിപ്പോർട്ട് അവതരിപ്പിച്ചു.കെ ശിഖ ടീച്ചർ, വി വി രേഷ്മ ടീച്ചർ,സി.ഒ.അശ്വന്ത് മാസ്റ്റർ , ഒ.പി.ഷാഹിന ടീച്ചർ,അദ്വിക സി.എന്നിവർ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. പ്രഥമാധ്യാപകൻ വി.വി. ശ്രീനിവാസൻ ക്രോഡീകരണം നടത്തി. വിദ്യാരംഗം ഭാരവാഹികളായ ആര്യ സ്വാഗതവും ഐഷിക സുജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ അവതരണങ്ങൾ നടന്നു.






