പേരാവൂർ:-ശക്തമായ ഒഴുക്കിൽപ്പെട്ട് പേരാവൂർ കാഞ്ഞിരപ്പുഴയിൽ ശനിയാഴ്ച രാവിലെ കാണാതായ വി.പി ഹനീഫയ്ക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുകയാണ്. അഗ്നിശമനസേനയുടെ പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് യൂണിറ്റുകളിൽ നിന്നുള്ള സേനാംഗങ്ങളും പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങളും പോലീസും നാട്ടുകാരും ചേർന്നാണ് ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്.
ഉയർന്ന ജലനിരപ്പും ശക്തമായ ഒഴുക്കും തടസ്സമാകുന്നുണ്ട്. അഗ്നിശമനസേനയുടെ സ്‌കൂബ ടീം രംഗത്തുണ്ടെങ്കിലും ഒഴുക്ക് കാരണം ഇറങ്ങാൻ സാധിച്ചിട്ടില്ല. കാഞ്ഞിരപ്പുഴയിൽ തുണ്ടിയിൽ ജിമ്മി ജോർജ്ജ് വോളി അക്കാദമിക്ക് സമീപമാണ് ഹനീഫ ഒഴുക്കിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സ്ഥലം സന്ദർശിച്ചു തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. എഡിഎം പി.എൻ പുരുഷോത്തമനും രാവിലെ സ്ഥലത്തെത്തി തിരച്ചിൽ ഏകോപിപ്പിച്ചു. അഗ്നിശമന സേനയുടെ പേരാവൂർ, കൂത്തുപറമ്പ്, മട്ടന്നൂർ സ്റ്റേഷൻ ഓഫീസർമാരായ യഥാക്രമം ജിനേഷ് കെ.എ, ഷനിത്ത് പി, പുരുഷോത്തമൻ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നാട്ടുകാരും സജീവമായി രംഗത്തുണ്ട്.
വൈകീട്ട് മന്ത്രി സണ്ണി ജോസഫ് ആറളത്തെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ബ്ലോക്ക് 13 കമ്മ്യൂണിറ്റി ഹാളിലെയും ഓമനമുക്ക് അംഗൻവാടിയിലെയും ക്യാമ്പുകളാണ് സന്ദർശിച്ചത്. ആദ്യത്തെ ക്യാമ്പിൽ 112 പേരും രണ്ടാമത്തേതിൽ 30 പേരുമാണുള്ളത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ റെയ്ഹാനത്ത് സുബി, ജോർജ് ആലാംപള്ളി, വാർഡംഗങ്ങളായ സുജാത എ. കെ, എ. ഷഹീർ, വത്സ ജോസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
