പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ബ്രിക്സ് ഉച്ചകോടിക്ക് എത്തിയതിന് ഇറാൻ പ്രസിഡൻ്റിന് നന്ദി അറിയിച്ച് മോദി ; കപ്പലുകൾക്ക് സുരക്ഷിത സഞ്ചാരപാത ഒരുക്കണമെന്ന് ആവശ്യം


ന്യൂഡൽഹി :- ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഡൽഹിയിലെത്തി. വെള്ളിയാഴ്ച ഡൽഹിയിലെത്തിയ ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതിന് ഇറാൻ പ്രസിഡൻ്റിന് മോദി നന്ദി അറിയിച്ചു.

മസൂദ് പെസെഷ്കിയനും നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. പശ്ചിമേഷ്യൻ സംഘർഷവും നിലവിലെ സാഹചര്യങ്ങളും ചർച്ചയിൽ മോദി ഉന്നയിച്ചു. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും മോദി ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ചർച്ചയും നയതന്ത്രവുമാണ് കൃത്യമായ വഴിയെന്നും ഇന്ത്യ വ്യക്തമാക്കി. ഊർജസുരക്ഷ പ്രധാന വിഷയമാണെന്നും മേഖലയിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകൾക്ക് സുരക്ഷിതമായ സഞ്ചാരപാത ഒരുക്കണമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായിരിക്കെയാണ് മസൂദ് പെസെഷ്കിയൻ ബ്രിക്സ് ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇറാൻ പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള മസൂദ് പെസെഷ്കിയൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 18-ാമത് ബ്രിക്സ് ഉച്ചകോടിയ്ക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 12,13 തീയതികളിലായി ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.

Previous Post Next Post