കാസർഗോഡ് :- ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്. കാസർഗോഡ് സ്വദേശി അബ്ദുൽ ഹക്കീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചർച്ചാ പരിപാടിക്കിടെ അവതാരകയായ അപർണ കുറുപ്പ് മുസ്ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയാണ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. അവതാരകയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
വിവാദം കടുത്തതോടെ തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അപർണ കുറുപ്പ് മാപ്പപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ചാനൽ ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും തനിക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങളും വധഭീഷണിയും ഉണ്ടാകുന്നുണ്ടെന്ന് കാണിച്ച് അപർണ കുറുപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.
